ഫറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയ ‘ബത്തക്ക’ പരാമര്‍ശത്തിന് പിന്നാലെ മാറുതുറക്കല്‍ സമരവുമായി ആക്ടിവിസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍. മാറിടം തുറന്നു കാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ദിയ സന. മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വന്തം മാറിടം തുറന്ന് കാണിച്ചിരിക്കുകയാണ് ദിയ.

ദിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മാറുതുറക്കല്‍സമരം….

പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘ ,പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല .പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .

അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ – ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം .പെണ്ണിന്റെ ‘ചോയ്‌സ് ” പ്രാചീനആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരതുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് .

പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍ ,അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്.
ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം . പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ !