ലണ്ടന്‍: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രാജ്യത്തെ പ്രസവ യൂണിറ്റുകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്. മെറ്റേണിറ്റി യൂണിറ്റുകളില്‍ അഞ്ചിലൊന്ന് അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിട്ടുളളത്. രാജ്യത്തെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ ആശുപത്രികളിലെ പ്രസവ യൂണിറ്റുകള്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. ഡോ.ഡേവിഡ് റിച്ച്മണ്ടാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നിര്‍ദേശം രാഷ്ട്രീയ പൊതുപ്രശ്‌നമാകുമെന്നാണ് വിലയിരുത്തുന്നത്.
മിഡ്‌വൈഫ് സെന്ററുകള്‍ രാജ്യത്ത് കൂടുതല്‍ തുറക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എവിടെ പ്രസവിക്കണമെന്ന കാര്യം അമ്മമാര്‍ക്ക് തീരുമാനിക്കാനാകും. നിലവില്‍ 147 പ്രസവ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 118 ആക്കി കൂറയ്ക്കാനാണ് നിര്‍ദേശം. എന്നാല്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ മാതൃശിശു സംരക്ഷത്തെക്കുറിച്ച് ഒരു പൊതുസംവാദം നടക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

നിലവിലുളള സേവനങ്ങളില്‍ ഗര്‍ഭിണികള്‍ സംതൃപ്തരാണോയെന്ന കാര്യവും എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവും പൊതുജനങ്ങളില്‍ നിന്ന് തേടാവുന്നതാണ്. മെഡിക്കല്‍ വിദഗ്ദ്ധരുടെ സഹായമുളള പ്രസവ യൂണിറ്റുകളുടെ എണ്ണത്തെക്കുറിച്ച് ചര്‍ച്ച നടത്താവുന്നതാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എണ്ണം കുറയ്ക്കുമ്പോള്‍ ഗുണം കൂടുന്നു എന്നാണ് വാദം. 2000ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പ്രസവ യൂണിറ്റുകളുടെ എണ്ണം പതിമൂന്നില്‍ നിന്ന് എട്ടായി കുറച്ചപ്പോള്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇത് ഏറെ ഫലപ്രദമായി എന്നും ചൂണ്ടിക്കാട്ടുപ്പെടുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രസവനിരക്കിലുണ്ടാകുന്ന വര്‍ദ്ധനയും പ്രസവത്തിലെ സങ്കീര്‍ണതകളും അമ്മമാരുടെ അമിത വണ്ണവും പ്രസവയൂണിറ്റുകളുടെ എണ്ണക്കുറവും വിരല്‍ ചൂണ്ടുന്നത് മാറ്റം വേണമെന്നതിലേക്കാണ്. കൂടുതല്‍ ആശുപത്രികളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രസവ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നു. മിഡ് വൈഫുകളുടെ സേവനം ലഭിക്കുന്ന കേന്ദ്രങ്ങളില്‍ വെല്ലുവിളികള്‍ കുറഞ്ഞ സാധാരണ പ്രസവത്തിന് യാതൊരു തടസവും നേരിടില്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ നിലവില്‍ ഇത്തരം 101 മെറ്റേണിറ്റി കേന്ദ്രങ്ങളുണ്ട്. ഇവ വലിയ ആശുപത്രികളുടെ അനുബന്ധമായി സ്ഥിതി ചെയ്യുന്നതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ അവരുടെ സഹായവും തേടാനാകും. എന്നാല്‍ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതത്വത്തിന് തന്നെയാണ് പ്രാധാന്യമെന്നും നിര്‍ദേശങ്ങള്‍ ഇതുറപ്പാക്കിക്കൊണ്ട് മാത്രമേ നടപ്പാക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.