ബ്രെക്‌സിറ്റിനു ശേഷം ഡോക്ടര്‍മാരുടെ പരിശീലന കാലയളവ് കുറയ്ക്കുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീഫന്‍ ബാര്‍ക്ലേ. എന്‍എച്ച്എസില്‍ രൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഈ നടപടി. ഡോക്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അഞ്ച് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് യൂറോപ്യന്‍ നിയമം. എന്നാല്‍ ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന് സ്വന്തമായി നിയമങ്ങള്‍ നിര്‍മിക്കാനാകും. അതിനാല്‍ തന്നെ ഈ പരിശീലന കാലയളവില്‍ കുറവ് വരുത്താനാണ് മന്ത്രിമാര്‍ ഉദ്ദേശിക്കുന്നത്. ബ്രെക്‌സിറ്റിലൂടെ എന്‍എച്ച്എസിന് ലഭിക്കുന്ന പ്രയോജനങ്ങളില്‍ ഒന്നാണ് ഇതെന്ന് ബ്രെക്‌സിറ്റ് അനുകൂലിയായ ബാര്‍ക്ലേ വ്യക്തമാക്കി.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതാണ് പരിഗണനയിലുള്ള ഒരു നിര്‍ദേശം. ഇതിലൂടെ ലാഭിക്കുന്ന തുകയിലൂടെ കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയും. ഇതനുസരിച്ച് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കും. 2013ലാണ് ഇങ്ങനെയൊരു ശുപാര്‍ശ ലഭിച്ചത്. നിലവില്‍ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം ജൂനിയര്‍ ഡോക്ടറായി ജോലി ചെയ്ത ശേഷം മാത്രമേ രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളു. ഈ അധിക വര്‍ഷ പരിശീലനത്തിനായി ഗവണ്‍മെന്റിന് ചെലവാകുന്ന തുക മിച്ചം പിടിക്കാനാകുമെന്നാണ് വിശദീകരണം.

ഫിസിയോതെറാപ്പിസ്റ്റുകള്‍ പോലെയുള്ള ഹെല്‍ത്ത് കെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് അഞ്ചു വര്‍ഷത്തെ പഠനമില്ലാതെ തന്നെ ഡോക്ടര്‍മാരായി മാറാന്‍ കഴിയുന്ന പദ്ധതിയും പരിഗണനയിലുണ്ട്. എന്നാല്‍ ഈ സമ്പ്രദായങ്ങള്‍ രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു. പരിശീലനത്തിന്റെ ഗൗരവം തന്നെ ഇല്ലാതാക്കുന്ന നിര്‍ദേശമാണ് ഇതെന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. ചോപ്പേഴ്‌സ് ബ്രെക്‌സിറ്റ് പോഡ്കാസ്റ്റിലാണ് ബാര്‍ക്ലേ ഈ പ്രഖ്യാപനം നടത്തിയത്. ഒരു നോ ഡീല്‍ സാഹചര്യത്തില്‍ ബ്രിട്ടനില്‍ മരുന്നു ക്ഷാമം ഉണ്ടാകാനിടയുണ്ടെന്ന അഭ്യൂഹങ്ങളെ അദ്ദേഹം തള്ളുകയും ചെയ്തു.