കൊല്‍ക്കത്ത∙ 30 വര്‍ഷം പെണ്ണായി ജീവിച്ച് ഒരു സുപ്രഭാതത്തില്‍ താന്‍ പുരുഷനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണു ബംഗാള്‍ സ്വദേശിനി. വയറു വേദനയ്ക്കു ചികിത്സയ്‌ക്കെത്തിയ സ്ത്രീ ‘പുരുഷന്‍’ ആണെന്നും അവര്‍ക്ക് വൃഷണത്തിനു കാന്‍സര്‍ ആണെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. ബിര്‍ഭും സ്വദേശിയായ 30 വയസുകാരി ഒമ്പതു വര്‍ഷം മുന്‍പ് വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം നയിച്ചുവരികയായിരുന്നു. കടുത്ത വയറു വേദനയെ തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതോടെയാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

ഡോ. അനുപം ഗുപ്തയും ഡോ. സൗമന്‍ ദാസും പരിശോധിച്ചതോടെ അവര്‍ ശരിക്കും പുരുഷനാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരികയായിരുന്നു. പരിശോധനയില്‍ ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്നും തെളിഞ്ഞു. ‘ആന്‍ഡ്രജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രം’ എന്ന അവസ്ഥയാണ് ഇതിനു കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. 22,000ത്തില്‍ ഒരാള്‍ക്കു സംഭവിക്കാവുന്ന അപൂര്‍വ അവസ്ഥയാണിത്. ജനിതകപരമായി പുരുഷന്‍ ആയി ജനിക്കുകയും എന്നാല്‍ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

രൂപത്തില്‍ സ്ത്രീ തന്നെ ആയിരിക്കും. സ്ത്രീയുടെ ശബ്ദവും ശരീര അവയവങ്ങളും ഉണ്ടായിരിക്കും. ശരീരത്തിലെ സ്ത്രീ ഹോര്‍മോണുകളുടെ സാന്നിധ്യമാണ് അത്തരം ശാരീരിക ഘടന നല്‍കുന്നത്. പക്ഷേ, ജനിക്കുമ്പോള്‍ തന്നെ ഗര്‍ഭപാത്രവും അണ്ഡാശയവും ഉണ്ടായിരിക്കില്ല. പരിശോധനയില്‍ ഇവരുടെ ക്രോമസോം ഘടന സ്ത്രീകളില്‍ കാണുന്ന XX നു പകരം XY ആയിരുന്നു. കൂടാതെ, ഈ സ്ത്രീക്ക് ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പരിശോധനയില്‍ ഇവര്‍ക്കു ശരീരത്തിനുള്ളില്‍ വൃഷണങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്നു ബയോപ്‌സി നടത്തിയപ്പോഴാണ് ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. സെമിനോമ എന്നാണ് ഇതു പറയപ്പെടുന്നതെന്നു ഡോ. സൗമന്‍ പറഞ്ഞു. ഇവര്‍ക്കു കീമോതെറപ്പി ആരംഭിച്ചുവെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡോക്ടര്‍ പറഞ്ഞു. താന്‍ സ്ത്രീയല്ല പുരുഷനാണെന്നു തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് രോഗി. അവര്‍ക്കും ഭര്‍ത്താവിനും തങ്ങള്‍ കൗണ്‍സിലിങ്ങ് നല്‍കി വരികയാണെന്നും മുന്‍പ് ജീവിച്ചിരുന്നതു പോലെ തന്നെ ഇനിയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഉപദേശിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.