ലണ്ടന്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിയുപേക്ഷിച്ചത് ആയിരത്തോളം ഫുള്‍ടൈം ജിപിമാര്‍. വര്‍ദ്ധിച്ചു വരുന്ന ജോലിഭാരവും സമ്മര്‍ദ്ദവും മൂലം എന്‍എച്ച്എസ് ഉപേക്ഷിച്ച് ഡോക്ടര്‍മാര്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2020ഓടെ 5000 ജിപിമാരെ നിയമിക്കുമെന്ന ഹെല്‍ത്ത് സെക്രട്ടറിയുടെ വാഗ്ദാനം ഈ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്കയും നിലവിലുണ്ട്.

ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് ശസ്ത്രക്രിയകള്‍ക്കും മറ്റ് ചികിത്സകള്‍ക്കുമായി രോഗികളുടെ കാത്തിരിപ്പ് സമയം വര്‍ദ്ധിപ്പിക്കുമെന്ന് മുതിര്‍ന്ന ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ത്തന്നെ രോഗികളുടെ എണ്ണം ജിപിമാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. അതിനിടെ ജിപിമാരുടെ എണ്ണം കുറയുന്നത് നിലവിലുള്ളവരുടെ മേല്‍ അധികഭാരമാണ് അടിച്ചേല്‍പ്പിക്കുന്നത്. ജീവനക്കാര്‍ കൊഴിയുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൂടുതല്‍ പണം അനുവദിക്കണമെന്ന സൈമണ്‍ സ്റ്റീവന്‍സിന്റെ ആവശ്യം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം തള്ളുകയും ചെയ്തിരുന്നു.

41,324 ജിപിമാരാണ് നിലവില്‍ എന്‍എച്ച്എസില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 500 പേരുടെ കുറവാണ് ഇതിലുള്ളത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ മൂലം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ മടങ്ങുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. 2016 മുതലാണ് ജിപിമാരുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. കൂടുതല്‍ ഇന്‍സന്റീവുകള്‍ അനുവദിച്ചുകൊണ്ട് ട്രെയിനികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്‍എച്ച്എസ് ജോലിയിലേക്ക് കൂടുതലാളുകള്‍ എത്തുന്നില്ല എന്നതാണ് വാസ്തവം.