ലണ്ടന്‍: മുസ്ലീം വിരുദ്ധ പ്രസംഗത്തിലൂടെയും നിലപാടുകളിലൂടെയും വിവാദ നായകനായ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇത്തവണ പക്ഷേ വിവാദ നിലപാടുകളായരുന്നില്ല ട്രംപിനെ തലക്കെട്ടുകളില്‍ പ്രതിഷ്ഠിച്ചത്. അമേരിക്കന്‍ നാവിക സേനയുടെ പത്ത് സൈനികരെ ഇറാന്‍ തടവിലാക്കിയ വിഷയത്തില്‍ പരാമര്‍ശം നടത്തിയതാണ് ട്രംപിന് അബദ്ധമായത്. പിടിയിലായ നാവികരെ ഇറാന്‍ മോചിപ്പിച്ചത് അറിയാതെ ട്രംപ് അവരെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു.
നാവികരെ വിട്ടയച്ച് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് ട്രംപ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഇറാനിയന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. നാവികരെ പിടികൂടിയത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പിട്ടത്. നാവികരെ വിട്ടയച്ചതായും ആര്‍ക്കും കുഴപ്പമില്ലെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.

എന്നാല്‍ നാവികര്‍ ഇപ്പോഴും കുഴപ്പത്തിലാണെന്ന് കരുതിയാണ് ട്രംപ് ട്വിറ്ററിലൂടെ അവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇറാന്‍കാര്‍ നമ്മുടെ നേതാക്കളെ മാനിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും ട്രംപ് നടത്തുന്നുണ്ട്. നാവികര്‍ ഇറാനിലെത്താനിടയായ സാഹചര്യത്തെക്കുറിച്ച് നാവികസേന അന്വേഷിക്കും. ബോട്ടിന് സാങ്കേതിക തകരാറുണ്ടായത് മൂലമാണ് ഇവര്‍ ഇറാനിലേക്ക് എത്തപ്പെട്ടതെന്നാണ് നാവികര്‍ വ്യക്തമാക്കിയത്.