ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

അമേരിക്ക :- ഒരു പുതിയ കേസ് കൂടി യുഎസിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൊറോണ ബാധയെ നേരിടുവാൻ രാജ്യം സുസജ്ജമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ രാജ്യത്തെ സാഹചര്യങ്ങൾ വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് വിലയിരുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, ഈ സാഹചര്യങ്ങളെല്ലാം ഉടൻതന്നെ അവസാനിക്കുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടയിൽ കാലിഫോർണിയയിലെ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇയാൾ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയോ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. ഇതോടെ യു എസിൽ കൊറോണ ബാധിതരുടെ എണ്ണം 60 ആയി. ഇതിൽ ഭൂരിഭാഗം പേരും മറ്റു രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ വരാണ്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ, രോഗം പടരാനുള്ള സാഹചര്യങ്ങൾ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ബാധയെ സംബന്ധിച്ച് ഒരു ആശങ്കകളും ജനങ്ങൾക്കിടയിൽ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സാഹചര്യങ്ങൾ നേരിടുവാൻ എല്ലാവരും സജ്ജരായിരിക്കണം എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വൈറ്റ് ഹൗസ് നടത്തിയ പ്രസ്താവന തെറ്റാണെന്നും, രോഗം ഇനിയും പടരാൻ ഉള്ള സാഹചര്യം അധികമാണെന്നും ജോർജ്ടൌൺ യൂണിവേഴ്സിറ്റി പ്രൊഫസർ ലോറെൻസ് ഗോസ്റ്റിൻ വ്യക്തമാക്കി. ജനങ്ങളിൽ ആത്മവിശ്വാസം നിറക്കുന്നത് മാത്രമാണ് വൈറ്റ് ഹൗസ് നടത്തിയ സമ്മേളനമെന്നും, യഥാർത്ഥ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലും, സൗത്ത് കൊറിയയിലുമായി ആയിരക്കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയിൽ പുതുതായി 433 കേസുകൾ സ്ഥിരീകരിച്ചു. ബെയ്ജിങ്ങിൽ മാത്രം 2744 പേർ മരണപ്പെട്ടു. സൗത്ത് കൊറിയയിൽ പുതുതായി 334 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, മുഴുവൻ കൊറോണ ബാധിതരുടെ എണ്ണം 1595 ആയി ഉയർന്നു. ബ്രസീലിലും രോഗം സ്ഥിരീകരിച്ചു. യൂറോപ്പിലും, മിഡിൽ ഈസ്റ്റിലും രോഗം പടർന്നു കൊണ്ടിരിക്കുകയാണ്.