ലണ്ടന്‍: എന്‍എച്ച്എസ് സംവിധാനം പാടെ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയറിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതേസമയം യുകെയില്‍ നിലവിലുള്ള യൂണിവേഴ്‌സല്‍ സിസ്റ്റത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നു. ഈ സംവിധാനം തകരാന്‍ പോകുകയാണെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കുക പ്രാവര്‍ത്തികമല്ലെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു. നോണ്‍ പേഴ്‌സണല്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തിനു വേണ്ടി നികുതി വര്‍ദ്ധിപ്പിക്കാനാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നതെന്ന് തന്റെ എതിര്‍ പാര്‍ട്ടിയുടെ നയത്തെ ആക്രമിക്കാന്‍ ട്രംപ് ചെയ്ത ട്വീറ്റ് പക്ഷേ യുകെയുമായുള്ള വാക്‌പോരാട്ടത്തിലേക്കാണ് നയിച്ചത്.

കഴിഞ്ഞയാഴ്ച എന്‍എച്ച്എസിന് കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങളായിരുന്നു ട്രംപ് പരാമര്‍ശിച്ചത്. സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന ഗ്രൂപ്പുകളായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ആ പ്രകടനത്തിലെ വാദങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അതില്‍ പങ്കെടുത്തവര്‍ ആരും 28 മില്യന്‍ നങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കാന്‍ കഴിയാത്ത ഒരു സംവിധാനത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തത്. എന്‍എച്ച്എസ് വെല്ലുവിളികളെ നേരിടുന്നുണ്ടാകാം, പക്ഷേ യൂണിവേഴ്‌സല്‍ കവറേജ് അവതരിപ്പിച്ച ഒരു രാജ്യത്തിന്റെ പ്രതിനിധിയാണെന്നതില്‍ തനിക്ക് അഭിമാനമുണ്ട്. ബാങ്ക് ബാലന്‍സിന്റെ കനം നോക്കാതെ എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ നല്‍കാന്‍ ഇവിടെ തങ്ങള്‍ക്ക് സാധിക്കുമെന്നും ഹണ്ട് പറഞ്ഞു.

ഹെല്‍ത്ത് മിനിസ്റ്ററിന്റെ വാദത്തെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി തെരേസ മേയും രംഗത്തെത്തി. ജനങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യ സേവനം നല്‍കുന്ന എന്‍എച്ച്എസ് സംവിധാനത്തില്‍ അഭിമാനമുണ്ടെന്നാണ് പ്രധാനമന്ത്രിയെ ഉദ്ധിച്ചുകൊണ്ട് വക്താവ് പറഞ്ഞത്. എന്‍എച്ച്എസ് ഫണ്ടുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണുള്ളത്. ബജറ്റില് 2.8 മില്യന്‍ അധിക തുകയും അനുവദിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഫണ്ട് അന്താരാഷ്ട്ര സര്‍വേയില്‍ എന്‍എച്ച്എസിനെ ലോകത്തെ മികച്ച ആരോഗ്യ സേവന സംവിധാനമായി രണ്ടാമതും തിരഞ്ഞെടുത്തിരുന്നതായും മേയ് പറഞ്ഞു. എന്‍എച്ച്എസിനെ ഇഷ്ടപ്പെടുന്നതിനാലാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതെന്നും ടോറികള്‍ അതിനോടു ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണം മനുഷ്യാവകാശമാണെന്നും ലേബര്‍ നേതാവ് പറഞ്ഞു.