കൊവിഡ്-19 പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസം ഇന്ത്യ ഈ മരുന്നിന്റെ കയറ്റുമതി നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ആവശ്യം.

മോദിയുമായി ഇതു സംബന്ധിച്ച് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.‘ ഇന്ന് രാവിലെ മോദിയുമായി ഇതേ പറ്റി ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ വലിയ അളവില്‍ ഹൈഡ്രോക്ലോറോക്‌സിന്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യ ഇത് ഗൗരവമായി എടുത്തിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.

താനും അത് ഉപയോഗിച്ചേക്കാം എന്റെ ഡോക്ടര്‍മാരോട് സംസാരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തി വെച്ചത്. വിദേശ വ്യാപാര ഡയരക്ടര്‍ ജനറല്‍ (DGFT) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയത്.

അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ( ഐ.സി.എം.ആര്‍) ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിനായി ശുപാര്‍ശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണല്‍ ടാസ്‌ക് ഫോഴ്സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അംഗീകരിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍.