യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിത കാറുകളുടെ നികുതി വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണി. സ്റ്റീല്‍ അലൂമിനിയം ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി. ഇതു സംബന്ധിച്ച പ്രസ്താവന ട്വിറ്ററിലൂടെ ട്രംപ് നടത്തിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനികളുടെ സ്റ്റീല്‍ അലൂമിനിയം ഇറക്കുമതി ചുങ്കം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനമെങ്കില്‍ രാജ്യത്ത് പുറത്തിറങ്ങുന്ന ഇയു നിര്‍മ്മിത കാറുകളുടെ നികുതി വര്‍ദ്ധിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. നിലവില്‍ യൂറോപ്പില്‍ വ്യാപാരം നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ വലിയ താരിഫ് വര്‍ദ്ധനവും നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്.

ഈ നടപടി കമ്പനികളുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ വ്യാവസായിക അന്തരമാണ് ഉണ്ടാക്കുന്നതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ആഗോള തലത്തിലുള്ള വ്യാപാര മാറ്റങ്ങളുടെ അനന്തര ഫലമെന്നോണം സ്റ്റീലിന്റെ ഇറക്കുമതി ചുങ്കത്തില്‍ 25ശതമാനവും അലുമിനിയത്തിന്റെ ഇറക്കുമതി ചുങ്കത്തില്‍ 10ശതമാനവും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണമായിട്ടാണ് ട്രംപിന്റെ യൂറോപ്യന്‍ യൂണിയനോടുള്ള ഭീഷണി. പുതിയ താരിഫ് ആഗോള വ്യാപാരത്തെ വികൃതമാക്കുന്നതാണെന്നും ഇത് ആത്യന്തികമായി തൊഴിലിനെയാണ് ബാധിക്കുകയെന്നും ആസ്‌ട്രേലിയന്‍ ട്രേഡ് മിനിസ്റ്റര്‍ സ്റ്റീവന്‍ സിയോബോ പറഞ്ഞു.

ട്രംപിന്റെ പുതിയ നീക്കം വാഹന നിര്‍മ്മാതാക്കളെയും വിപണന ശൃഖലയേയും ഉപഭോക്താക്കളെയും സാരമായി ബാധിക്കുമെന്ന് ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ടോയോട്ട പ്രതികരിച്ചു. പുതിയ നീക്കവുമായി ട്രംപ് മുന്നോട്ടു പോകുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തു നിന്നും ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൂഡ് ജങ്കര്‍ പറഞ്ഞു. പുതിയ നീക്കത്തെ ശക്തമായി അപലപിക്കുന്നതായും അമേരിക്കയിലെ പ്രദേശിക കമ്പനികളെ സംരക്ഷിക്കുന്നതിനായ ട്രംപ് നടത്തുന്ന ലജ്ജാരഹിത നടപടിയായിട്ടെ ഇതിനെ കാണാന്‍ കഴിയുകയുള്ളു. ആയിരക്കണക്കിന് യൂറോപ്യന്‍ തൊഴിലാളികളുടെ ജീവിതോപാധിയെ അപകടത്തിലാക്കികൊണ്ട് ഞങ്ങളുടെ കമ്പനികള്‍ക്കെതിരെ നടത്തുന്ന നീതിയുക്തമല്ലാത്ത് ആക്രമണം കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.