ലണ്ടന്‍: വന്‍ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം മാറ്റി വെക്കുന്നു. ബ്രിട്ടീഷ് ജനത തന്റെ വരവിനെ സ്വാഗതം ചെയ്യുന്നില്ലെങ്കില്‍ വരുന്നില്ലെന്ന് ട്രംപ് തെരേസ മേയെ ഫോണില്‍ അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ വരവ് ഒഴിവാക്കുകയാണെന്ന് ട്രംപ് അറിയിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ ട്രംപ് ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. ഡൗണ്ിംഗ്‌സട്രീറ്റ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

അധികാരത്തിലേറി ഒരാഴ്ചക്കുള്ളില്‍ ട്രംപിന് ബ്രിട്ടീഷ് സന്ദര്‍ശനത്തിനുള്ള ക്ഷണം ലഭിച്ചതാണ്. പ്രഡിഡന്റ് എന്ന നിലയില്‍ മേയ് ആയിരുന്ന ട്രംപിനെ സന്ദര്‍ശിച്ച ആദ്യ രാഷ്ട്ര നേതാവ്. ഇരുവരും ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് യുകെ സന്ദര്‍ശിക്കാന്‍ ട്രംപിനെ ബ്രിട്ടീഷ് രാജ്ഞി ക്ഷണിക്കുന്നതായി മേയ് അറിയിച്ചത്. ക്ഷണം ട്രംപ് സ്വീകരിച്ചതാും മേയ് പറഞ്ഞിരുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോര്‍ഡ് റിക്കറ്റ്‌സ് ഉള്‍പ്പെടെ നിരവധി നയതന്ത്ര വിദഗ്ദ്ധര്‍ ഈ ക്ഷണത്തെ അപക്വമെന്നായിരുന്നു വിശേഷിപ്പിച്ചത്.

എന്നാല്‍ ഈ ക്ഷണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നില്ല. സമീപകാലത്ത് നയതന്ത്ര തലത്തിലുണ്ടായ ചില സംഭവവികാസങ്ങളും ട്രംപിന്റെ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് സൂചനയുണ്ട്. ലോകമൊട്ടാകെ അമേരിക്കന്‍ അംബാസഡര്‍മാരെ നിയമിക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായി വിജയിച്ചിട്ടില്ല. ന്യൂയോര്‍ക്ക് ജെറ്റ്‌സ് ഉടമയും റിപ്പബ്ലിക്കന്‍ ഡോണറുമായ വൂഡി ജോണ്‍സണെ യുകെയിലെ അമേരിക്കന്‍ അംബാസഡറായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള അംബാസഡര്‍ ലൂയിസ് ലൂക്കന്‍സ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ പ്രശംസിച്ചുകൊണ്ട് ട്രംപുമായി കോര്‍ക്കുകയും ചെയ്തു.