ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സേവന ദാതാക്കളായ (പബ്ലിക് സർവീസ് ബ്രോഡ്‌കാസ്റ്റർ) ദൂരദർശന് ഇന്നേക്ക് 60 വയസ്സ് തികഞ്ഞു. 1959 സെപ്റ്റംബർ 15 ന് സ്ഥാപിതമായ ദൂരദർശൻ ഇന്ത്യൻ ടെലിവിഷനിൽ സുവർണ്ണ കാലഘട്ടത്തിന് വഴിയൊരുക്കി. ദൈനംദിന വാർത്തകളും സായാഹ്ന പരിപാടികളും കാണുന്നതിന് ഇന്ത്യയിലെ കുടുംബങ്ങളെ സ്വീകരണമുറിയിലെക്ക് കൊണ്ടുവരിക എന്ന ആശയത്തിൽ നിന്നാണ് ദൂരദർശന് തുടക്കം കുറിക്കുന്നത്.

“പൊതുസേവന ടെലികാസ്റ്റിംഗിൽ മിതമായ പരീക്ഷണം” എന്ന നിലക്കാണ് ദൂരദർശൻ സേവനങ്ങൾ ആരംഭിച്ചത്. 1965 മുതലാണ് ദൂരദർശൻ ദിവസവും പ്രക്ഷേപണം ആരംഭിച്ചത്. അറുപത് വർഷത്തെ സേവനത്തെ അടയാളപ്പെടുത്തുന്നതിനായി, സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ വർഷങ്ങളായിട്ടുള്ള അതിന്റെ പ്രശസ്തമായ പരിപാടികൾ ഉയർത്തിക്കാട്ടുന്ന നിരവധി വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കി.

1959 ൽ ഓൾ ഇന്ത്യ റേഡിയോയുടെ സ്റ്റുഡിയോകൾക്കുള്ളിൽ ഒരു ചെറിയ ട്രാൻസ്മിറ്ററും താൽക്കാലിക സ്റ്റുഡിയോയും വച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് ദൂരദർശൻ പ്രക്ഷേപണം ആരംഭിച്ചത്. ആറ് വർഷത്തിന് ശേഷം, 1965 ൽ അവതാരകയായ പ്രതിമ പുരി അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ആദ്യത്തെ വാർത്താ ബുള്ളറ്റിൻ വായിച്ചു. ബഹിരാകാശത്തേക്ക് ആദ്യമായി സഞ്ചരിച്ച യൂറി ഗഗാറിന്റെ അഭിമുഖവും അവർ നടത്തി. അതുവരെ, എല്ലാ സാധാരണ ദൈനംദിന പ്രക്ഷേപണങ്ങളും അഖിലേന്ത്യാ റേഡിയോ ആണ് പ്രവർത്തിപ്പിച്ചിരുന്നത്.

1982 ഓഗസ്റ്റ് 15 ന് ദൂരദർശൻ ന്യൂഡൽഹിയിലെ സ്വന്തം ടിവി സ്റ്റുഡിയോയിൽ നിന്ന് ഡിഡി 1 എന്ന പേരിൽ ദേശീയ ടെലികാസ്റ്റ് സേവനം അവതരിപ്പിച്ചു. അതേ വർഷം, സ്വാതന്ത്ര്യദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രസംഗത്തിന്റെ ലൈവ് കളർ ടെലികാസ്റ്റ് പ്രേക്ഷകർ കണ്ടു. തുടർന്ന് ഡൽഹിയിൽ നടന്ന 1982 ഏഷ്യൻ ഗെയിംസിന്റെ കളർ ടെലികാസ്റ്റ് നടന്നു. കൃഷിയെക്കുറിച്ചുള്ള ഏറ്റവും ദൈർഘ്യമേറിയ ടി.വി ഷോയായ കൃഷി ദർശനും 1967 ൽ ആദ്യമായി സംപ്രേഷണം ചെയ്യുകയും 80 ഗ്രാമങ്ങളിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ജനപ്രിയ ഷോയ്ക്ക് പകരമായി കാർഷിക-ടെലിവിഷൻ ചാനലായ കിസാൻ ടിവിയുമായി 2014 ൽ ദൂരദർശൻ എത്തി.

90 കൾക്ക് മുമ്പുള്ള ദശകങ്ങളിൽ ഓൾ ഇന്ത്യ റേഡിയോ പോലെ ദൂരദർശനും സർക്കാർ നിയന്ത്രണത്തിലായി. 90 കളുടെ തുടക്കത്തിൽ പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കപ്പെടുകയും പബ്ലിക് ബ്രോഡ്കാസ്റ്റർ സ്വയംഭരണാധികാരമുള്ളതായിരിക്കണമെന്ന് ഒരു നിയമനിർമാണം പാസാക്കുകയും ചെയ്തപ്പോൾ സ്ഥാപനത്തിന് സ്വയംഭരണാവകാശം ഉറപ്പുനൽകി. 1997 ൽ പ്രസാർ ഭാരതി നിയമം പാസാക്കി. ഇത് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു. പ്രസാർ ഭാരതി സൃഷ്ടിക്കപ്പെട്ടപ്പോൾ, ദൂരദർശന്റെയും ആകാശവാണിയുടെയും എല്ലാ സ്വത്തുക്കളും കോർപ്പറേഷന് കൈമാറി, പക്ഷേ ഇത് കമ്പനി നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ, പ്രസാർ ഭാരതി സാങ്കേതികമായി ഒരു കോർപ്പറേഷനായിരുന്നില്ല.

“അതിനാൽ ഇത് ഒരു നിയമാനുസൃത സ്വയംഭരണ സ്ഥാപനമാണ്. ദൂരദർശൻ, ആകാശവാണിയിലെ എല്ലാ ജീവനക്കാരും കേന്ദ്ര സർക്കാരിന്റെ ജീവനക്കാരായി തുടർന്നു (പ്രസാർ ഭാരതിക്ക് കൈമാറിയതിനുശേഷം). കോർപ്പറേറ്റ് സ്വയംഭരണാധികാരമുള്ള ഈ ഹൈബ്രിഡ് മാതൃക അതിനുണ്ട്, എന്നാൽ അതിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാവരും സർക്കാരിന്റെ ജീവനക്കാരാണ്. അതിനാൽ ഇത് വളരെ സവിശേഷമായ ഒരു സാഹചര്യമാണ്, ” ദൂരദർശൻ സി.ഇ.ഒ ശശി ശേഖർ വെമ്പതി എഴുതുന്നു.

ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഡിഡി ന്യൂസിലും അതിന്റെ പ്രാദേശിക ചാനലുകളിലും ബിജെപിക്ക് ഏറ്റവും കൂടുതൽ സമയം ലഭിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനത്തിനിടയാക്കിയിരുന്നു.

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ കവറേജ് സംബന്ധിച്ച് ചാനലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. ഭരണകക്ഷിയായ ബിജെപിയ്ക്ക് ഡിഡി ന്യൂസ് മുൻഗണന നൽകുന്നുണ്ടെന്ന് കമ്മീഷന് നൽകിയ പരാതിയിൽ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആരോപിച്ചു.

ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ, ദൂരദർശൻ ഒരു പരിധിവരെ തിരിച്ചടി നേരിട്ടു. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളും ആശയവിനിമയ സാങ്കേതികവിദ്യയിലേക്കുള്ള ഉദാരവൽക്കരണവും വിദേശ, ഇന്ത്യൻ മാധ്യമ കമ്പനികൾക്ക് ടെലിവിഷനിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകി.

ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകർഷിക്കുന്ന 800 ലധികം ലൈസൻസുള്ള ചാനലുകൾ ഇന്ന് ഉണ്ട് . 1991 ൽ ഇത് ഒരെണ്ണം ആയിരുന്നു. ആദ്യത്തെ 24 × 7 വാർത്താ ചാനൽ ആരംഭിച്ചത് 1998 ലാണ്; 2014 ആയപ്പോഴേക്കും ഇത് 400 എണ്ണം ആയി. 15 ലധികം ഭാഷകളിലായി ചാനലുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്.

വെല്ലുവിളികൾക്കിടയിലും ദൂരദർശൻ അതിന്റെ പ്രക്ഷേപണം തുടരുന്നു. ഈ വർഷം ആദ്യം, ഇന്ത്യയുടെ ദൂരദർശൻ അയൽരാജ്യമായ ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യുന്നതിനായി കരാർ ഒപ്പിട്ടു. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവിതത്തെക്കുറിച്ച് ശ്യാം ബെനഗൽ സംവിധാനം ചെയ്ത ഒരു ഫീച്ചർ ചിത്രവും ബംഗ്ലാദേശ് വിമോചന യുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയും പ്രസാർ ഭാരതിയും ബംഗ്ലാദേശും സംയുക്തമായി നിർമ്മിക്കുമെന്ന് കരാറിൽ തീരുമാനിച്ചു.

മനുഷ്യന്റെ കണ്ണിനെ പ്രതീകപ്പെടുത്തുന്ന ദൂരദർശന്റെ ലോഗോ, ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകർക്ക് ഗൃഹതുരത്വം ഉണർത്തുന്ന ഓർമ്മയാണ്. എന്നാൽ ഈ വർഷം ആദ്യം, സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റർ 1959 മുതൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലോഗോ മാറ്റാനുള്ള പ്രക്രിയ ആരംഭിച്ചു. ദൂരദർശൻ നവീകരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ പലരും കാണുന്നത്.