ആശയ വിനിമയം ഒരു ഡോക്ടര്‍ക്ക് അത്ര എളുപ്പമാണോ എന്ന മലയാളം യുകെയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡോ. മഞ്ജുഷ. ഒരു ഡോക്ടര്‍ ബിരുദം നേടിയെടുക്കുക എന്നത് കഠിനമായ ഒരു തപസ്സിന്റേയും ഒരുപാട് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും പരിണിത ഫലമാണ്. എന്നാല്‍ ഇതെല്ലാം തരണം ചെയ്ത ശേഷം ഒരു പാശ്ചാത്യ രാജ്യത്ത് ജോലി ചെയ്യുക എന്നത് പലരും എളുപ്പമെന്ന് കരുതുന്നതിന് വിപരീതമായി പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞതാണന്ന് എനിക്ക് മനസ്സിലായത് സ്വന്തം അനുഭവത്തിലൂടെയാണ്. എം.ബി.ബി.എസ് കഴിഞ്ഞ് യുകെയില്‍ വന്ന് ഒരു ഡോക്ടറാകാനുള്ള എന്റെ പ്രയത്‌നത്തിന്റെ ചുരുങ്ങിയ ഒരു വിവരണമാണിത്. ഈ യാത്രയിലെ നേട്ടങ്ങളും കോട്ടങ്ങളുമാണ് ഞാനിവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

ആശയ വിനിമയം..! അതത്ര എളുപ്പമല്ല എന്ന് ആദ്യമേ ഞാന്‍ പഠിച്ചു. ആശയ വിനിമയത്തിന്റെ കുറവ് വലിയ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങളെ വഴി തിരിച്ച് വിടുന്നു. രോഗിയോട് ചികിത്സാ ക്രമം ആജ്ഞാപിക്കുന്ന പഴഞ്ചന്‍ രീതിയില്‍ നിന്നും രോഗിയും ഡോക്ടറും തമ്മില്‍ സംസാരിച്ച് രണ്ടു പേര്‍ക്കും സമ്മതമായ ചികിത്സാരീതി സ്വീകരിക്കുമ്പോള്‍ അവിടെ ഭാഷയ്ക്ക് കൂടുതല്‍ സ്ഥാനമുണ്ട്. വേദന നിറഞ്ഞ ഒരു രോഗിയുടെ ഭാഷയും സംസാരരീതിയും മനസ്സിലാക്കുക അത്ര എളുപ്പമല്ല. പക്ഷേ, അത് വളരെ വിശദമായി മനസ്സിലാക്കിയാലേ ഈ സമ്പര്‍ക്കം ഫലപ്രദമാവുകയുള്ളൂ. രോഗിയോടുള്ള സമീപനവും പെരുമാറ്റ രീതികളും ഭാഷയേപ്പോലെ തന്നെ തുല്ല്യ പ്രാധാന്യം അര്‍ഹിക്കുന്നു. രോഗത്തേക്കുറിച്ചുള്ള ബോധവത്ക്കരണമാണ് പ്രധാനം. അതിലൂടെ അവരെ തീരുമാനങ്ങള്‍ എടുക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ഒരു ഡോക്ടറായി മാറുകയാണ് ഓരോ ഡോക്ടറും.

പരീക്ഷകള്‍ എന്ന കടമ്പ കടക്കുക. ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരുവഴിയില്‍, യുകെയില്‍ എത്തുന്ന ഓരോരുത്തരും അഭിമുഖീകരിക്കുന്ന ഒരു വലിയ വിഷയമാണിത്. ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം അത് സാധാരണക്കാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. യുകെയിലെ പരീക്ഷകള്‍ ആശയ വിനിമയത്തിനും പ്രായോഗീക അറിവുകള്‍ക്കും പ്രദാനം ചെയ്യുന്നതാണ് എന്നതില്‍ യാതൊരു സംശയവുമില്ല. കൂടാതെ, ഒരു ശരാശരി യുകെ വിദ്യാര്‍ത്ഥിയെക്കാളും കൂടുതല്‍ പരിശ്രമം നമ്മള്‍ ചെയ്താലേ ഈ പരീക്ഷകളില്‍ വിജയം കൈവരിക്കാനാവൂ. കാരണം, അവരുടെ രക്തത്തിലുള്ളതും ജന്മസിദ്ധമായി കിട്ടിയിട്ടുള്ളതുമായ ഭാഷാ വൈദഗ്ധ്യം നമ്മള്‍ അശ്രാന്ത പരിശ്രമം കൊണ്ട് മാത്രമേ നേടാനാകൂ.

ഇനി ഞാന്‍ പറഞ്ഞു തുടങ്ങട്ടെ..! ഒരു സാധാരണക്കാരന്റെ ഭാഷ മാത്രമേ എനിക്കും ഇണ്ടായിരുന്നുള്ളൂ.. പക്ഷേ, രോഗികള്‍ വേദനകള്‍ ഭാഷയാക്കി മാറ്റിയപ്പോള്‍ അത് എനിക്ക് പെട്ടന്ന് മനസ്സിലായി. ഒരു ജനറല്‍ പ്രാക്ടീഷണറായി വേദന നിറഞ്ഞ രോഗികളുടെ ഭാഷ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നിലെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ‘തൃപ്തി ‘ അത് ഒന്ന് വേറെ തന്നെയാണ്. ആത്മാര്‍ത്ഥതയും പൂര്‍ണ്ണ സമര്‍പ്പണവും. അതാണ് ഒരു ഡോക്ടര്‍. ഒരു ഡോക്ടറുടെ തൃപ്തിയും അതു തന്നെ.

കിടക്കയില്‍ നിന്നെണീറ്റ് പോകുന്ന ഒരു രോഗി ഡോക്ടറോട് പറയുന്ന നന്ദിയുടെ വാക്കുകള്‍, അതാണ് യഥാര്‍ത്ഥ ചികിത്സയും സന്തോഷവും. ഒരു ഡോക്ടര്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ലോകത്തില്‍ ആരും ഇന്നേവരെ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവില്ല. ദേശ ജാതി മത ഭേദമെന്യെ രോഗികള്‍ക്കുണ്ടാവുന്ന സംതൃപ്തിയും, പല വിധത്തില്‍ അവര്‍ രേഖപ്പെടുത്തുന്ന കൃതജ്ഞതയുമാണ് ഞാന്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍ സമൂഹം യുകെയില്‍ സേവനം അനുഷ്ഠിക്കാന്‍ തീരുമാനിച്ചത്.