ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിച്ച പ്രൊമോ ഗാനം പണ്ടാരാണ്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രഞ്ജിതിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന്‍ രഞ്ജിത് ഉറപ്പുനല്‍കുന്നത്.

ഡ്രാമ ഒരു ഫണ്‍ മൂവിയായിരിക്കുമെന്നും എന്നാല്‍ അതോടൊപ്പം വളരെ ഇമോഷണല്‍ ആയ ഒരു പ്രശ്നമാണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.

നവംബര്‍ ഒന്നിനാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.