ലണ്ടന്‍: കത്തിയെരിഞ്ഞ ഗ്രെന്‍ഫെല്‍ ടവറില്‍ നിന്ന് താഴേക്ക് എറിഞ്ഞ കുഞ്ഞിനെ നാടകീയമായി പിടിച്ച് രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത കള്ളമെന്ന് റിപ്പോര്‍ട്ട്. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കള്ളമാണെന്ന് തെളിഞ്ഞത്. അത്തരമൊരു സംഭവം നടക്കാന്‍ യാതൊരു സാധ്യയതയുമില്ലെന്ന് ബിബിസി പറയുന്നു. യുകെയിലും, ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ കുഞ്ഞിനെ നാടകീയമായി രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പോലീസോ ആംബുലന്‍സ് സര്‍വീസോ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം ഇത്ര ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്ന കുഞ്ഞിനെ കൈകളില്‍ താങ്ങി രക്ഷിക്കാനാകുമോ എന്ന സംശയം വിദഗ്ദ്ധരും ഉന്നയിക്കുന്നുണ്ട്. ദൃക്‌സാക്ഷികളായെന്ന് കരുതുന്നവര്‍ ഇക്കാര്യം ക്യാമറയ്ക്കു മുന്നില്‍ സ്ഥിരീകരിക്കാനും തയ്യാറായില്ല. ഈ വാര്‍ത്തയ്ക്ക് ആധാരമായെന്ന് പറയപ്പെടുന്ന സംഭവം ജൂണ്‍ 14ന് രാത്രി 10.08ന് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഒമ്പതോ, പത്തോ നിലയില്‍നിന്ന് ഒരു സ്ത്രീ തന്റെ കുഞ്ഞിനെ താഴേക്ക് ഇടുന്നതും താഴെ നിന്ന ഒരാള്‍ കുഞ്ഞിനെ പിടിക്കുന്നത് താന്‍ കണ്ടുവെന്നും സമീറ ലംറാനി എന്ന സ്ത്രീ പറഞ്ഞുവെന്നായിരുന്നു പ്രസ് അസോസിയേഷന്‍ നല്‍കിയ വിവരം.

ഇത് ബിബിസിയുള്‍പ്പെടെ മിക്കവാറും എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയാകുകയും ചെയ്തു. എന്നാല്‍ ബിബിസി ന്യൂസ്‌നൈറ്റ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഈ സംഭവത്തേക്കുറിച്ച് പറയാന്‍ മടിച്ചു. ടവര്‍ ദുരന്തത്തേക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ മങ്ങിയതാണെന്നും അതേക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. ബ്രോഡ്കാസ്റ്ററും ആര്‍ക്കിടെക്റ്റുമായ ജോര്‍ജ് ക്ലാര്‍ക്ക് എന്നയാളായിരുന്നു കുഞ്ഞിനെ പിടിച്ചെടുക്കുന്നത് കണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞ മറ്റൊരാള്‍. ഇദ്ദേഹവും സംഭവത്തേക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ ആഗ്രഹമില്ലെന്നാണ് വ്യക്തമാക്കിയത്.