ലണ്ടന്‍: ബാങ്കിംഗ് മേഖലയില്‍ പുതിയ ചലനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഡ്രൈവ് ത്രൂ ബാങ്കുകള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം തങ്ങളുടെ ലോക്കല്‍ ബ്രാഞ്ചുകള്‍ക്ക് പകരം വീഡിയോ ടെല്ലര്‍മാരുമായി ഉപഭോക്താക്കള്‍ക്ക് സംവദിക്കാവുന്ന ഹൈടെക് വിര്‍ച്വല്‍ ബാങ്കുകള്‍ തുടങ്ങാനുള്ള ചര്‍ച്ചകളിലാണ്. ഇത്തരം ബാങ്കുകളില്‍ എല്ലാ ബാങ്കിംഗ് സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് സ്വന്തം കാറിലിരുന്നുകൊണ്ടു തന്നെ ചെയ്യാം. 2018ഓടെ ഡ്രൈവ് ത്രൂ ബാങ്കുകളും ബാങ്ക് ഇന്‍ ബോക്‌സ് എടിഎമ്മുകളും സ്ഥാപിക്കുന്നതിനായി പ്രമുഖ് ബാങ്കുകള്‍ തങ്ങളെ സമീപിച്ചതായി ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്ഥാപനമായ എന്‍സിആര്‍ വ്യക്തമാക്കി.

ഫ്രാന്‍സിലും ജര്‍മനിയിലും അമേരിക്കയിലും ഡ്രൈവ് ത്രൂ ബാങ്കുകള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. ഈ രാജ്യങ്ങളില്‍ ഇവ സാധാരണയായി മാറിക്കഴിഞ്ഞു. യുകെയില്‍ ബാങ്കുകള്‍ തങ്ങളുടെ ലോക്കല്‍ ബ്രാഞ്ചുകള്‍ മിക്കവയും അടച്ചുപൂട്ടുകയാണ്. ഈ വര്‍ഷം ബ്രാഞ്ചുകള്‍ അടക്കുന്നതില്‍ റെക്കോര്‍ഡ്തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 1046 ബ്രാഞ്ചുകളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. ഇവയ്ക്ക് പകരം ഹൈടെക് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവ്ത്രൂ ബാങ്കുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ബാങ്കുകളുടെ അതേ സേവനങ്ങള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ ഇവയ്ക്ക് സാധിക്കുകയും ചെയ്യും.

എന്‍സിആര്‍ അവതരിപ്പിക്കുന്ന ബാങ്ക് ഇന്‍ എ ബോക്‌സ് സംവിധാനത്തില്‍ സൈ്വപ്പ് ചെയ്യാനും സൂം ചെയ്ത് കാണാനുമുള്ള സൗകര്യങ്ങള്‍ ഉണ്ട്. ടാബ്ലെറ്റിലെന്നതുപോലെയുള്ള 19 ഇഞ്ച് സ്‌ക്രീനില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാകും. ബാങ്ക് ഉദ്യോഗസ്ഥരുമായി സംസാരിക്കണമെങ്കില്‍ വീഡിയോ ബാങ്കിംഗ് ഓപ്ഷനും ലഭ്യമാണ്. സാധാരണ ബ്രാഞ്ചുകളില്‍ നടത്തുന്ന ഇടപാടുകളില്‍ 80 ശതമാനവും വീഡിയോ ടെല്ലര്‍ ബാങ്കുകളിലൂടെ നടത്താനാകും. എന്നാല്‍ സാധാരണ ബാങ്കിംഗ് രീതികളുമായി മാത്രം പരിചയമുള്ള പ്രായമായവര്‍ക്ക് ഈ പുതിയ സംവിധാനങ്ങള്‍ എത്രമാത്രം വഴങ്ങുമെന്ന കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.