അശ്രദ്ധമായി വാഹനമോടിച്ചത് മൂലമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ യുവാവിന് തടവ് ശിക്ഷ. കാറിന്റെ മുന്‍ സീറ്റിലെ യാത്രക്കാരന്‍ യാത്ര സ്‌നാപ്പ്ചാറ്റില്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഫോണിന്റെ ഫ്‌ളാഷ്‌ലൈറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചതാണ് അപകടകാരണമെന്ന് കോടതി കണ്ടെത്തി. കാറോടിച്ചിരുന്ന ജിഗ്നേഷ് പട്ടേലിനാണ് കോടതി മൂന്ന് വര്‍ഷത്തെ തടവ് വിധിച്ചത്. ഇയാളുടെ സുഹൃത്തായ ദിഷാന്ത് പട്ടേലാണ് കൊല്ലപ്പെട്ടത്. ഫാര്‍മസിസ്റ്റായിരുന്ന ദിഷാന്ത് കാറില്‍ പിന്‍സീറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്.

കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ അഞ്ച് ദിവസം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം തടവ് കൂടാതെ മുന്നര വര്‍ഷത്തേക്ക് ജിഗ്നേഷിന്റെ ലൈസന്‍സും കോടതി റദ്ദാക്കിയിട്ടുണ്ട്. 2016 ഏപ്രില്‍ 23ന് നടന്ന അപകടത്തെ തുടര്‍ന്ന് മാരകമായി പരിക്കേറ്റ ദിഷാന്ത് സമീപത്തെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. കാറില്‍ നിന്നുള്ള ഡേറ്റ അനുസരിച്ച് ജിഗ്നേഷ് അന്ന് 100 മൈല്‍ വേഗതയില്‍ വരെ കാര്‍ ഓടിച്ചിട്ടുണ്ട്. അപകട സമയത്തും അമിതവേഗതയിലായിരുന്നു കാര്‍ എന്നാണ് കരുതുന്നത്.

ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് തന്റെ കാഴ്ച മറച്ചുവെന്നും ഉടന്‍ തന്നെ അപകടം സംഭവിച്ചുവെന്നുമാണ് ജിഗ്നേഷ് കോടതിയില്‍ മൊഴി നല്‍കിയത്. മുന്‍ സീറ്റിലെ യാത്രക്കാരനായ 20 കാരനും അപകടത്തില്‍ സാരമായ പരിക്കേറ്റിരുന്നു. കേംബ്രിഡ്ജ്ഷയറിന് സമീപമുണ്ടായ അപകടത്തില്‍ ജിഗ്നേഷ് ഓടിച്ച ബിഎംഡബ്ല്യൂ അല്‍പീന കാര്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍സീറ്റിലെ യാത്രക്കാരന്‍ യാത്ര സ്‌നാപ്ചാറ്റില്‍ റെക്കോര്‍ഡ് ചെയ്യാന്‍ നടത്തിയ ശ്രമമാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്.

അപകടരമായി വാഹനമോടിച്ചെന്ന വാദം പട്ടേല്‍ നിരസിച്ചെങ്കിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ജിഗ്നേഷിന് അതിവേഗതയില്‍ സഞ്ചരിക്കുന്ന സ്‌പോര്‍ട്‌സ് കാറുകളുണ്ട്. അദ്ദേഹത്തിന്റെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും കേസ് വാദിച്ച സര്‍ജന്റ് മാര്‍ക്ക് ഡോളാര്‍ഡ് പറഞ്ഞു.