ഡ്രൈവര്‍ലെസ് കാറുകള്‍ ഈയാഴ്ച ലണ്ടന്‍ തെരുവുകള്‍ കീഴടക്കാന്‍ എത്തുന്നു. ക്രിസ്മസിന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിനു മുന്നോടിയായുള്ള പരീക്ഷണ ഓട്ടമാണ് ഈയാഴ്ച നടക്കുക. വെസ്റ്റ് ലണ്ടനിലെ ഹോണ്‍സ്ലോവിലെ റോഡുകളിലാണ് പരീക്ഷണത്തിനായി ഓട്ടണോമസ് കാറുകള്‍ ഇറങ്ങുന്നത്. ഓക്‌സ്‌ഫോര്‍ഡില്‍ ഇതിന്റെ പരീക്ഷണം വിജയകരമായി നടന്നിരുന്നു. റോഡ് സൈനുകളും ലെയിന്‍ മാര്‍ക്കിംഗുകളും മനിസിലാക്കുന്നതിനായാണ് ഈ പരീക്ഷണ ഓട്ടം നടത്തുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഓക്‌സ്‌ബോട്ടിക്ക എന്ന സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് ഈ സ്വയം നിയന്ത്രിക്കുന്ന കാറുകള്‍ അവതരിപ്പിക്കുന്നത്.

ഈ കാറുകള്‍ തമ്മില്‍ റോഡ് വിവരങ്ങള്‍ കൈമാറും. റോഡിലുണ്ടാകുന്ന തടസങ്ങളും വ്യത്യസ്ത ഡ്രൈവിംഗ് സാഹചര്യങ്ങളും ഇവ കൈമാറിക്കൊണ്ടിരിക്കും. 2019ല്‍ ലണ്ടനും ഓക്‌സ്‌ഫോര്‍ഡിനുമിടയില്‍ ഒരു ഓട്ടോണോമസ് വാഹന വ്യൂഹം തന്നെ പുറത്തിറക്കാനാണ് ഓക്‌സ്‌ബോട്ടിക്ക പദ്ധതിയിട്ടിരിക്കുന്നത്. ട്രയലുകള്‍ നടത്താന്‍ ഇന്നോവേറ്റ് യുകെയില്‍ നിന്ന് 8.6 മില്യന്‍ പൗണ്ടാണ് കണ്‍സോര്‍ഷ്യത്തിന് ലഭിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയായ അക്‌സ, യുകെ രജിസ്ട്രി ഡൊമെയ്ന്‍ നോമിനെറ്റ്, ടെലിഫോണിയ എന്നിവരും കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളാണ്. ഭാവി ഗതാഗതത്തില്‍ സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ ട്രയലുകള്‍ സഹായിക്കുമെന്ന് ഓക്‌സ്‌ബോട്ടിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഡോ.ഗ്രേയം സ്മിത്ത് പറഞ്ഞു.

റോഡ് ഗതാഗതത്തില്‍ വിപ്ലവമായി മാറുന്ന ഈ സാങ്കേതികതയില്‍ നമുക്കുള്ള പ്രാവീണ്യം തെളിയിക്കുക കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളില്‍ ഓക്‌സ്‌ബോട്ടിക്ക തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിരിക്കുന്നത്. റഡാര്‍, സെന്‍സറുകള്‍ ഓണ്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍, ക്യാമറകള്‍ എന്നിവയും ഉപയോഗിച്ചിരിക്കുന്നു. ടെസ്റ്റുകള്‍ വിവിധ സമയങ്ങളില്‍ ആവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു. വ്യത്യസ്ത സാഹചര്യങ്ങളിലും സമയങ്ങളിലും നിരത്തുകളുടെ അവസ്ഥ കാറുകള്‍ക്ക് മനസിലാകുന്നതിനായാണ് ഇപ്രകാരം ചെയ്യുന്നത്.