ന്യൂസ് ഡെസ്ക്

ലേണർ ഡ്രൈവർമാർക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരിൽ നിന്ന് മോശമായ രീതിയിലുള്ള പെരുമാറ്റങ്ങൾ അനുഭവിക്കേണ്ടി വരുന്നതായ പരാതികൾ പെരുകുന്നു. ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡാർഡ്സ് ഏജൻസിയ്ക്ക് ലൈംഗിക അതിക്രമം അടക്കമുള്ള മോശമായ അനുഭവങ്ങൾ ഉണ്ടായതായുള്ള 246 പരാതികളാണ് ഏപ്രിൽ 2018 മുതൽ മാർച്ച് 2019 വരെയുള്ള കാലയളവിൽ ലഭിച്ചത്.

2017-2018 കാലയളവിൽ 200 പരാതികളാണ് ലഭിച്ചിരുന്നത്. 2015 -16 കാലഘട്ടത്തിൽ 75 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ മൂന്നു മടങ്ങ് വർദ്ധനവാണ് അടുത്ത ടേമിൽ രേഖപ്പെടുത്തപ്പെട്ടത്. പരാതികളുടെ അടിസ്ഥാനത്തിൽ 40 ഇൻസ്ട്രക്ടർമാർക്കെതിരെ നടപടിയുണ്ടായി. 10 ഇൻസ്ട്രക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി. 135 കേസുകൾ ഡിവിഎസ്എ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

പരാതികൾ പെരുകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ക്ലാസുകൾ വീഡിയോ റെക്കോർഡ് ചെയ്യണമെന്ന നിർദ്ദേശം ഉയരുന്നത്. ഇൻസ്ട്രക്ടർ ട്രെയിനിംഗിൽ സേഫ് ഗാർഡിംഗും ഉൾപ്പെടുത്തണമെന്നും ആവശ്യ ഉയർന്നിട്ടുണ്ട്. ലേണർ ഡ്രൈവർമാരുടെ സുരക്ഷ  ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും ഉണ്ടാവുമെന്ന് ഡിവിഎസ്എ വൃത്തങ്ങൾ പറഞ്ഞു.