കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് വീര്യമുള്ള മയക്കുമരുന്നുകൾ നൽകുന്ന സംഘങ്ങൾ സജീവമാണെന്ന് കണ്ടെത്തൽ. കോവളം, വർക്കല തുടങ്ങിയ തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്നും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വിദേശ വനിത ലിഗ വാഴമുട്ടത്തെ പൊന്തക്കാടിലേക്ക് നടന്നു പോയത് മയക്കുമരുന്ന് വാങ്ങാനാണെന്ന സംശയത്തിലാണ് പോലീസ് സംഘം. മയക്കുമരുന്ന് വാങ്ങിയ ലിഗക്ക് പിന്നീട് എന്തു സംഭവിച്ചു എന്നാണ് പോലീസ് അന്വേഷിക്കുന്നത്. മയക്കുമരുന്നുകൾ വിൽക്കാൻ പ്രത്യേകസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പ്രഭവകേന്ദ്രം പക്ഷേ കോവളമല്ല. മയക്കുമരുന്ന് മാഫിയക്ക് വ്യക്തമായ നെറ്റ്വർക്കുണ്ട്. അവർ തങ്ങളുടെ കൂട്ടാളികൾ വഴി മയക്കുമരുന്ന് കച്ചവടം നടത്തുന്നു. കോടികളുടെ ലാഭമാണ് ഇവർ ഉണ്ടാക്കുന്നത്. കോവളത്തും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിറ്റ് കോടിശ്വരൻമാർ ആയവർ പതിനായിരക്കണക്കിനുണ്ട്.

വിദേശത്ത് നിന്നും കേരളത്തിലെത്തുന്ന ഒരു നല്ല ശതമാനത്തിന്റെ ലക്ഷ്യം മയക്കുമരുന്നാണ്. കോവളത്ത് എത്തുന്നതോടെ എവിടെയാണ് മയക്കുമരുന്ന് ലഭ്യമാകുന്നതെന്ന് ഏജന്റുമാർ പറഞ്ഞു കൊടുക്കും. ഓട്ടോറിക്ഷാ ഡ്രൈവർമാരും മറ്റും മാഫിയ ഏജന്റുമാരാണ്. അവർ കൃത്യമായി വിവരങ്ങൾ കൈമാറുക മാത്രമല്ല സാധനം കിട്ടുന്ന സ്ഥലങ്ങളിൽ ആവശ്യക്കാരെ എത്തിക്കുകയും ചെയും. ലിഗ വാഴമുട്ടത്ത് എത്തിയതും ഒരു ഓട്ടോറിക്ഷയിലാണ്. കോവളത്തെ നക്ഷത്ര ഹോട്ടലുകളിൽ വരെ മയക്കുമരുന്നുകൾ ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആവശ്യക്കാർക്ക് ഇവർ സാധനങ്ങൾ എത്തിച്ചു കൊടുക്കും. കേരളത്തിൽ മദ്യ നിയന്ത്രണം വന്നതോടെയാണ് മയക്കുമരുന്നുകൾ തേടി വിദേശികൾ പരക്കം പാഞ്ഞു തുടങ്ങിയത്. മദ്യപാനം ശീലമാക്കിയ വിദേശികളിൽ നിന്നും കൂടുതൽ തുക വാങ്ങി മദ്യം വാങ്ങി കൊടുക്കുന്ന യുവാക്കൾ കോവളത്തും പരിസരത്തുമുണ്ട്.

പോലീസിന്റെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ട് എന്നതാണ് വസ്തുത. പോലീസിനും പങ്ക് കിട്ടുന്നു എന്നാണ് റിപ്പോർട്ട്. അതു കൊണ്ടു തന്നെ ക്രമസമാധാനനില തകരാറിലായാലും അവർ നിശബ്ദത പാലിക്കും. വിവാദങ്ങൾ ഉണ്ടാകുമ്പോൾ പേരിന് ഒരു റെയ്ഡ് നടത്തി സംഗതി അവസാനിപ്പിക്കും. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഞ്ചാവ്, ചീട്ടുകളി സംഘംങ്ങളെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. അന്വേഷണം എങ്ങനെയൊക്കെ നടന്നാലും യഥാർത്ഥ കുറ്റവാളികൾ നിയമത്തിന് മുന്നിലെത്താനുള്ള സാധ്യത വിരളമാണ്. കാരണം അതിന്റെ കെട്ടുപാടുകൾ കേരളത്തിന് പുറത്തേക്ക് നീളുന്നു. അതിനിടെ കേരളത്തിലെത്തി മയക്കുമരുന്നിന്റെ സുഖം അനുഭവിച്ച ശേഷം വിദേശത്തേക്ക് തിരികെ പോയവർ വഴി വൻ വരുമാനമാണ് മയക്കുമരുന്ന് മാഫിയ നേടുന്നത്. മയക്കുമരുന്നിന്റെ സുഖം നുകർന്ന വിദേശികളെ സംബന്ധിച്ചടത്തോളം ഇടപാടുകൾ സുരക്ഷിതമായിരിക്കും. പ്രതിഫലം ബാങ്ക് അക്കൗണ്ടിലെത്തുന്നവർ വരെ വിനോദ സഞ്ചാര മേഖലയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് ഇത്തരക്കാരെ ശുദ്ധീകരിക്കാൻ ശ്രമിക്കാറില്ല.