ദുബായിൽ വാഹനാപകടത്തിൽ അച്ഛനും മകനും അടക്കം ആറു മലയാളികള്‍ ഉള്‍പെടെ പതിനേഴു പേർ മരിച്ചു. തലശ്ശേരി സ്വദേശിയായ അച്ഛൻ ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂർ സ്വദേശി ജമാലുദീൻ, വാസുദേവൻ, തിലകൻ എന്നിവരെ തിരിച്ചറിഞ്ഞു. മസ്ക്കറ്റിൽ നിന്നും ദുബായിലേക്കു വന്ന ബസാണ് അപകടത്തിൽപെട്ടത്.

ഇന്നലെ വൈകിട്ട് യുഎഇ സമയം 5.40 നാണ് ഷെയ്ഖ് സായിദ് റോഡിൽ റാഷിദിയ എക്സിറ്റിനു സമീപം അപകടമുണ്ടായത്. ബസിനു പ്രവേശനമില്ലാത്ത റോഡിൽ ഹൈറ്റ് ബാരിയറിലിടിച്ചായിരുന്നു അപകടം. മരിച്ച പതിനേഴു പേരിൽ പത്തുപേർ ഇന്ത്യക്കാരാണ്. 31 പേരായിരുന്നു ബസിലുണ്ടായിരുന്നത്. രണ്ടു പാക് സ്വദേശികൾ, അയർലൻഡ്, ഒമാൻ സ്വദേശികളും മരിച്ചു. മൂന്നുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തൃശൂർ തളിപ്പറമ്പ് സ്വദേശി ജമാലുദീൻ അറക്കവീട്ടിൽ ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.

തിരുവനന്തപുരം മാധവപുരം സ്വദേശി ദീപ കുമാർ, ദുബായിൽ അക്കൗണ്ടന്റ് ജനറലായിരുന്നു. ദീപ കുമാറിന്‍റെ ഭാര്യയും മകളും ഉൾപ്പെടെ അഞ്ചുപേർ പരുക്കേറ്റു ചികിൽസയിലാണ്. ദുബായ് ഇന്ത്യൻ കോണസുൽ ജനറൽ വിപുലിന്‍റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇന്നു അവധിയായതിനാൽ നാളെയായിരിക്കും നിയമപരമായ നടപടികൾ. മലയാളി സാമൂഹ്യപ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, നന്തി നാസർ, നാസർ വാടാനപ്പള്ളി തുടങ്ങിയവരും ആശുപത്രിയിലെത്തി നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.