വിലക്കുറവോടെ വേണ്ടതെല്ലാം സ്വന്തമാക്കാൻ അവസരവുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം. ലോകം ദുബായുടെ കുടക്കീഴിലെന്ന പ്രമേയത്തിൽ ഫെബ്രുവരി രണ്ടുവരെയാണ് മേള. തൊണ്ണൂറുശതമാനം വരെ വിലക്കുറവാണ് മേളയുടെ പ്രത്യേകത.

ഇനി കാഴ്ചകളുടേയും സമ്മാനങ്ങളുടേയും നാളുകൾ. ഷോപ്പിങ് മാളുകളും പാർക്കുകളും തെരുവുകളുമെല്ലാം മേളയുടെ ഭാഗമാകും. വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സ്വർണ, വജ്രാഭരണങ്ങൾ തുടങ്ങി എന്തും വിലക്കുറവോടെ സ്വന്തമാക്കാം എന്നതാണ് മേളയുടെ പ്രത്യേകത. ഭാഗ്യമുണ്ടെങ്കിൽ കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളും തേടിയെത്തും. ദുബായിലെ 3200ലേറെ 3200ൽ ഏറെ കച്ചവട സ്ഥാപനങ്ങൾ ഡിഎസ്എഫിന്റെ ഭാഗമാകുന്നുണ്ട്. പ്രമുഖമാളുകളിൽ 90% വരെ വിലക്കുറവിൽ 12 മണിക്കൂർ നീളുന്ന മെഗാ വിൽപനമേളയോടെയാണു മേളയുടെ തുടക്കം കുറിച്ചത്. കരകൌശല, ഭക്ഷ്യ മേളകൾ, ഘോഷയാത്ര, സംഗീത-നൃത്ത പരിപാടികൾ തുടങ്ങിയവ ഡിഎസ്എഫിന്റെ ഭാഗമായി വിവിധയിടങ്ങളിൽ അരങ്ങറും.

ഗ്ലോബൽ വില്ലേജും ഡി.എസ്.എഫിൻറെ ഭാഗമാണ്. പതിവുപോലെ ഇന്ത്യക്കാർ അടക്കമുള്ള വിനോദസഞ്ചാരികളുടെ വൻ തിരക്കിനു ഇക്കുറിയും മേള സാക്ഷ്യം വഹിക്കും. കുട്ടികൾക്കായി പ്രത്യേക ഉല്ലാസവേദികളും മേളയിലുണ്ടാകും. ഡിഎസ്എഫിനോട് അനുബന്ധിച്ചു പ്രധാനകേന്ദ്രങ്ങളിലെ വർണാഭമായ കരിമരുന്നുപ്രയോഗം ഉൽസവത്തിൻറെ ഭാഗമാണ്.