ലിവർപൂൾ: ‘യേശുവിന്റെ ഊർജ്വസ്വലനായ ശിഷ്യൻ’ എന്നറിയപ്പെടുന്ന വി. തോമാശ്ലീഹായുടെ തിരുന്നാൾ യൂ.കെയിലെ വിവിധ ദേവാലയങ്ങളിൽ ഭക്തിപൂർവ്വം ആഘോഷിക്കുവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോൾ ആയതിന് ഈ വരുന്ന ഞായറാഴ്ച ലിവർപൂളിൽ തുടക്കം കുറിക്കുകയാണ്. സീറോ മലബാർ യു.കെ രൂപം കൊണ്ടതിനു ശേഷം ആദ്യമായി വരുന്ന ദുക്രാന തിരുന്നാൾ ഏറ്റവും ഭക്തിയോടെയും വിശുദ്ധിയോടെയും കൊണ്ടാടുവാൻ ലിവർപൂൾ സമൂഹം തയ്യാറെടുത്തുകഴിഞ്ഞു.

ഈ വരുന്ന ഞായറാഴ്ച രാവിലെ 9.15ന് ക്രോക്സ്റ്റത് ഡെലാ സാലെ അക്കാദമിയിൽ പ്രസുദേന്തി വാഴ്ചയോടെ തിരുന്നാൾ ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചാനയിക്കുന്നു. 9.45 നു ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിൻറെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുന്നാൾ കുർബ്ബാനയിൽ ലിവർപൂൾ അതിരൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് ആൻറണി വില്യംസ് തിരുന്നാൾ സന്ദേശം നൽകും. വിശുദ്ധ കുർബ്ബാനക്ക് ശേഷം വിശുദ്ധരുടെ തിരുസ്വരുപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷിണവും തുടർന്ന് വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

രണ്ടുമണിയോടെ പൊതുസമ്മേളനം ആരംഭിക്കും. ഹോണറബിൾ ലിവർപൂൾ മേയർ മാൽക്കം കെന്നഡി മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ അഭിവന്ദ്യ ഓക്സിലറി ബിഷപ്പ് വിൻസന്റ് മെലോൺ, മേഴ്‌സിസൈഡ് പോലീസ് ഹേറ്റ് ക്രൈം കോ ഓർഡിനേറ്റർ ശ്രീ.അൽ റൂസ്സോ, ഹേറ്റ് ക്രൈം ഇൻവെസ്റ്റിഗേറ്റർ ശ്രീ. നദീം വാഹിദ് തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് ലിവർപൂൾ സമൂഹത്തിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടെ ‘ലയവിസ്മയ 2017’ ന് തിരശ്ശീലയുയരും. ലോകപ്രശസ്ത വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ ശ്രീ.മനോജ് ജോർജ്ജും, പ്രശസ്ത കീബോർഡിസ്റ്റ് ജോബ് സജോവും, പ്രശസ്ത ഗായകനായ ഫാദർ.വിത്സൺ മേച്ചേരിയും ചേർന്നൊരുക്കുന്ന സംഗീത വിരുന്ന് കാണികൾക്ക് ഒരു വിസ്മയം തന്നെയായിരിക്കും എന്നതിൽ സംശയമില്ല.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും വിശുദ്ധന്റെ അനുഗ്രഹങ്ങൾ നേടുവാനും തിരുന്നാൾ കമ്മറ്റി അംഗങ്ങളും സീറോ മലബാർ ചാപ്ലയിൻ ഫാദർ. ജിനോ അരിക്കാട്ടും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .