ഹാക്കര്‍മാര്‍ വാഹന സംബന്ധിയായ വ്യാജ വിവരങ്ങള്‍ മെയിലുകള്‍ അയക്കുന്നത് വഴി വലിയ തട്ടിപ്പിന് ശ്രമിക്കുന്നതായി ഡ്രൈവേഴ്‌സ് ആന്റ് ലൈസന്‍സിംഗ് ഏജന്‍സിയുടെ (ഡി.വി.എല്‍.എ) മുന്നറിയിപ്പ്. യു.കെ സര്‍ക്കാരിന് കീഴില്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമായ സേവനങ്ങള്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ പണം തട്ടുന്ന ഇടനിലക്കാരും സജീവമാണെന്ന് ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവന്നതോടെ ഒരു വാഹന ഉടമയാണ് ഡി.വി.എല്‍.എയെ പരാതിയുമായി സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡി.വി.എല്‍.എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

വാഹനമോ ലൈസന്‍സ് ലഭ്യമാക്കുന്നതോ അല്ലേങ്കില്‍ ഓണ്‍ലൈന്‍ സഹായം വാഗ്ദാനം ചെയ്‌തോ ആണ് ആദ്യഘട്ടത്തില്‍ മെയില്‍ ലഭിക്കുക. പിന്നീട് ഉപഭോക്താവ് മറുപടി അയക്കുകയാണെങ്കില്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളെ അവരറിയിക്കും. നികുതി അടയ്‌ക്കേണ്ട തിയതി കഴിഞ്ഞതാണെന്ന് തുടങ്ങി വ്യാജമായതെന്നും ഉപഭോക്താവിനെ ധരിപ്പിക്കാനായിരിക്കും ആദ്യഘട്ടത്തില്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുക. പിന്നീട് പണം നഷ്ടമായാല്‍ മാത്രമെ നമുക്ക് തട്ടിപ്പിനെക്കുറിച്ച് ബോധ്യം വരികയുള്ളു. വ്യക്തി വിവരങ്ങള്‍ കൈമാറാനോ പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.വി.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ച് ലഭിക്കുന്ന മെയിലുകള്‍ തുറക്കാതെ തന്നെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും ഉചിതമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

പബ്ലിക് പ്ലാറ്റ് ഫോമുകളായി സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ലൈസന്‍സോ വാഹനസംബന്ധിയായ രേഖകളെ ഷെയര്‍ ചെയ്യുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നും ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ 03001232040 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഡി.വി.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്. യു.കെയില്‍ സൈബര്‍ ആക്രമണമുണ്ടാകുമെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡി.വി.എല്‍.എ തട്ടിപ്പ് വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ 1167 ലേറെ സൈബര്‍ പ്രശ്‌നങ്ങളെ നേരിട്ട ഗ്രൂപ്പാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍.