ലണ്ടന്‍: ‘മരണത്തിന് കീഴടങ്ങും മുന്‍പ് എനിക്ക് മക്കളെ ഒരു നോക് കൂടി കാണെണം’ മൂന്ന് കുട്ടികളുടെ പിതാവായ നസ്‌റുള്ള ഖാന്‍ ഇന്ന് ലോകത്തോട് അഭ്യര്‍ത്ഥിക്കാനുള്ള ഒരേയൊരു കാര്യം ഇതാണ്. ഹൃദയ സംബന്ധിയായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഖാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യു.കെയില്‍ ജോലി തേടിയെത്തുന്നത്. പ്രവാസ ജീവിതത്തിനിടയിലാണ് രോഗം അതീവ ഗൗരവമേറിയതാണെന്ന് ബോധ്യപ്പെടുന്നത്. ബെര്‍മിംഗ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ഖാന്റെ ജീവിതത്തില്‍ ഇരുട്ട് വീണു.

ശസ്ത്രക്രിയക്ക് ഭീമമായ തുക ആവശ്യമായിരുന്നു. എന്നാല്‍ തുക കണ്ടെത്തിയാലും യു.കെയില്‍ തുടരാനുള്ള വിസ കാലാവധി കഴിഞ്ഞതിനാല്‍ ശസ്ത്രക്രിയ അസാധ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് എന്‍.എച്ച്.എസ് പാലിയേറ്റീവ് കെയര്‍ (എന്‍ഡ് ഓഫ് ലൈഫ് കെയര്‍) സര്‍വീസ് നല്‍കാമെന്നും എന്നാല്‍ ഇതിനായി സ്വന്തം പണം മുടക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏതാണ്ട് 32,000 പൗണ്ടാണ് എന്‍ഡ് ഓഫ് ലൈഫ് കെയറിനായി നല്‍കാന്‍ ഖാനോട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാമ്പത്തിക അവസ്ഥയില്‍ ഇത്രയും ഭീമമായ തുക ഖാനെ സംബന്ധിച്ചിടത്തോളം അസാധ്യമായതാണ്.

 

ക്രൗഡ് ഫണ്ടിംഗ് രീതികള്‍ ഉപയോഗപ്പെടുത്തി ഖാന് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനായി ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്റെ 11 വയസുള്ള മകനെ കണ്ടിട്ട് 9 വര്‍ഷങ്ങളായി മരണത്തിന് മുന്‍പ് അവരെ ഒരു നോക്ക് കാണണമെന്നാണ് ആഗ്രഹമെന്ന് ഖാന്‍ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഖാന് ഹൃദയമാറ്റ ശസ്ത്രക്രിയ നിഷേധിക്കപ്പെടാന്‍ കാരണം ഹോം ഓഫീസിന്റെ കടുപ്പമേറിയ നിയമങ്ങളാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഖാന്റെ കുടുംബത്തിന് യു.കെയിലേക്ക് എത്താന്‍ വിസയും ഇതുവരെ ലഭിച്ചിട്ടില്ല. അവര്‍ നല്‍കിയ അപേക്ഷ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്നാണ് ക്യാംപെയിനേര്‍സിന്റെ ആവശ്യം.