വാക്വം ക്ലീനര്‍, ഹെയര്‍ ഡ്രയര്‍ നിര്‍മാണ കമ്പനിയായ ഡൈസണ്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തേക്ക് എത്തുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇക്കാര്യം കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ 200 മില്യന്‍ പൗണ്ട് ചെലവില്‍ വമ്പന്‍ ടെസ്റ്റ് ട്രാക്ക് നിര്‍മിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വിവരം. ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്ത് ടെസ്ലയുമായി മത്സരത്തിനാണ് ഡൈസണ്‍ തയ്യാറെടുക്കുന്നത്. പുതുതലമുറ ഹൈടെക് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനുമായുള്ള കേന്ദ്രം തുറക്കുന്നതോടെ അതി വിദഗ്ദ്ധ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ബ്രെക്‌സിറ്റിന് ആത്മവിശ്വാസം പകരുന്ന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു.

നിലവില്‍ 400 ഓട്ടോമോട്ടീവ് എന്‍ജിനീയര്‍മാരാണ് ഡൈസണ്‍ അതിന്റെ കാര്‍ നിര്‍മാണ സംരംഭത്തിനായി നിയോഗിച്ചിരിക്കുന്നത്. 300 പേരെക്കൂടി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കാര്‍ പ്രോജക്ടില്‍ മാത്രം 8000 പേര്‍ ജീവനക്കാരായി ഉണ്ടാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും യുകെയിലാണെങ്കിവും നിര്‍മ്മാണച്ചെലവ് പരിഗണിച്ച് ഫൈനല്‍ അസംബ്ലി സൗത്ത് ഈസ്റ്റ് ഏഷ്യയിലായിരിക്കുമെന്നാണ് കരുതുന്നത്. ഡൈസണ്‍ ഉല്‍പ്പന്നങ്ങളില്‍ ഭൂരിപക്ഷവും ഇവിടെയാണ് നിര്‍മിക്കപ്പെടുന്നത്.

വില്‍റ്റ്ഷയറിലെ രണ്ടാം ലോകമഹായുദ്ധകാലത്തെ റോയല്‍ എയര്‍ഫോഴ്‌സ് ബേസ് ആയിരുന്ന ഹുല്ലാവിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ ടെസ്റ്റ് ട്രാക്കും വാഹനങ്ങളുടെ ടെസ്റ്റിംഗ് ഫെസിലിറ്റിയും സ്ഥാപിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചിരിക്കുകയാണ് ഡൈസണ്‍. 10 കിലോമീറ്റര്‍ നീളമുള്ള ടെസ്റ്റ് ട്രാക്കാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തില്‍ അടുത്ത ഘട്ടം എന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്.