തിരുവനന്തപുരം∙ ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. സ്കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു. സ്കൂളിൻറെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ശോച്യാവസ്ഥയും ആണ് വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയത്.

സ്കൂളിലെ അധ്യാപകര്‍ക്കു കാര്‍ ഉണ്ടായിട്ടുപോലും ഷെഹലയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും രക്ഷിതാവ് എത്തുന്നതിനായി കാത്തിരുന്നുവെന്നുമാണു കുട്ടികളുടെ പരാതി. തന്നെ പാമ്പു കടിച്ചതായി ഷെഹല തന്നെ പറഞ്ഞിരുന്നു. 3.15നു പാമ്പു കടിച്ച കുട്ടിയെ മുക്കാല്‍ മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും കുട്ടികള്‍ പറഞ്ഞു.

അതേസമയം, വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് റിപ്പോർട്ട് തേടി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊതുവിഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. ഡിഡിഇയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെന്നും കലക്ടര്‍ അദീല അബ്ദുല്ലയും അറിയിച്ചു.

പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹല ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.  ഇന്നലെ വൈകിട്ട് മൂന്നരയോടെ  ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു.

പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി  നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു.