ഇംഫാല്‍: രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഇന്ന് പുലര്‍ച്ചെ അനുഭവപ്പെട്ട ഭൂചലനത്തില്‍ അഞ്ചു മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിന് പടിഞ്ഞാറായി ഭൂമിയ്ക്കടിയില്‍ 57 കിലോമീറ്റര്‍ ഉളളിലായാണ് ചലനമുണ്ടായത്. മ്യാന്‍മര്‍ അതിര്‍ത്തിയിലാണിത്.
മിക്കവരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലമുണ്ടായത്. പല വീടുകളുടെയും മേല്‍ക്കൂരകളും പടിക്കെട്ടുകളും തകര്‍ന്നു. ഇംഫാലിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന സംശയമുണ്ട്. എന്നാല്‍ എത്ര പേര്‍ ഇവിടെയുണ്ടായിരുന്നെന്ന് കാര്യം വ്യക്തമല്ല. മിക്കവരും തങ്ങളുടെ വീട് വിട്ട് ഓടിപ്പോയിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തെത്തിയിട്ടുണ്ട്. അധികൃതര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നതായി ആരോപണമുണ്ട്.

സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകരും പരാതിപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. 1176 കിലോമീറ്റര്‍ അകലെയുളള മ്യാന്‍മറിലെ യാന്‍ഗോണില്‍ വരെ പ്രകമ്പനമുണ്ടായാതായി അവിടെ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.