ലണ്ടൻ: ഭൂമിയുടെ അകക്കാമ്പ് ചുട്ടുപഴുത്ത് ഉരുകിയ അവസ്ഥയിലാണെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഈ അകക്കാമ്പിന്റെ സ്ഥിരാവസ്ഥയും ഭൂമിയുടെ ഭ്രമണവും ശക്തമായ കാന്തിക മണ്ഡലത്തിന് കാരണമാകുന്നു. ഭൂമിയിൽ ജീവന്റെ നിലനിൽപിനെത്തന്നെ ഈ കാന്തികമണ്ഡലം ഒട്ടൊന്നുമല്ല സഹായിക്കുന്നത്. ജീവജാലങ്ങളെ കരിച്ചുകളയാൻ ശേഷിയുള്ള സൗസരവാതങ്ങളെ ആയിരക്കണക്കിന് കിലോമീറ്ററുകളോളം ബഹിരാകാശത്തേക്ക് വ്യാപിക്കുന്ന ഭൗമ കാന്തിക മണ്ഡലം പ്രതിരോധിക്കുന്നുണ്ട്. ഇതാണ് ജീവജാലങ്ങൾക്ക് കവചമാകുന്നത്. ഈ കവചത്തിന്റെ ​ദിശ തിരിയാനൊരുങ്ങുന്നു എന്നാണ് വിദ​ഗ്ദ്ധർ പറയുന്നത്.

കാന്തികമണ്ഡലം കഴിഞ്ഞ 200 വർഷങ്ങൾക്കിടെ 15 ശതമാനം ക്ഷയിച്ചിട്ടുണ്ടെന്നും കോളറാഡോ യൂണിവേഴ്സിറ്റിയിലെ ലബോറട്ടറി ഫോർ അറ്റ്മോസ്ഫെറിക് ആൻഡ് സ്പേസ് ഫിസിക്സിൽ ശാസ്ത്രജ്ഞനായ ഡാനിയൽ‌ ബേക്കർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഭൗമ കാന്തികമണ്ഡലത്തിന്റെ ദിശ തിരിയുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഉത്തര, ദ​ക്ഷിണ ധ്രുവങ്ങളുടെ ദിശ തിരിയുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഇത് സംഭവിക്കുകയാണെങ്കിൽ നമ്മുടെ ​ഗ്രഹത്തിൻ‌റെ പലഭാ​ഗങ്ങളും മനുഷ്യനും മറ്റ് ജീവികൾക്കും വാസയോ​ഗ്യമല്ലാതായിത്തീരുമെന്നാണ് മുന്നറിയിപ്പ്.

അൺഡാർക്കിൽ അലാന മിച്ചൽ എഴുതിയ ദി സ്പിന്നിം​ഗ് മാ​ഗ്നറ്റ്, ദി ഇലക്ട്രോമാ​ഗ്നറ്റിക് ഫോഴ്സ് ദാറ്റ് ക്രിയേറ്റഡ് ദി മോഡേൺ വേൾഡ് ആൻഡ് കുഡ് ഡിസ്ട്രോയ് ഇറ്റ് എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. സൂര്യനിൽ നിന്നുള്ള അപകടകരമായ രശ്മികളും കോസ്മിക് കിരണങ്ങളും അൾട്രാവയലറ്റ് കിരണങ്ങളും ഭൂമിയുടെ സർവനാശത്തിനായി ഇതോടെ പാഞ്ഞടുക്കും. ഭൂമിയുടെ കവചമായി നിലകൊള്ളുന്ന ഓസോൺ പാളിയിൽ ഭയാനകമായ വിള്ളലുകളുണ്ടാകും. അദൃശ്യ കിരണങ്ങൾ ജീവജാലങ്ങളെ കൊന്നൊടുക്കും, റിപ്പോർട്ട് പറയുന്നു.

രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വർഷങ്ങളുടെ ഇടവേളകളിൽ ഭൂമിയുടെ കാന്തികക്ഷേത്രം തിരിഞ്ഞു വരാറുണ്ട്. എന്നാൽ കഴിഞ്ഞ 7,80,000 വർ‌ഷങ്ങൾക്കിടെ ഇങ്ങനെയൊരു മാറ്റം വന്നിട്ടില്ലാത്തതിനാൽ ഇത് ഏതു നിമിഷവും സംഭവിക്കാമെന്നാണ് വെളിപ്പെടുത്തൽ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സ്വാം ഉപ​ഗ്രഹ ശൃംഖല നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തലുകളാണ് ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.