മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടിയുടെ വായ്പയെടുത്ത ശേഷം മുങ്ങിയ നീരവ് മോഡിയുടെ മുംബൈയിലെ വീട്ടില്‍ സിബിഐ റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ വസ്തുവകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. 10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വില വരുന്ന വാച്ചും പരിശോധനയില്‍ പിടിച്ചെടുത്തു.

ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് മുംബൈ, വര്‍ളിയില്‍ നീരവ് മോഡിയുടെ ഉടമസ്ഥതയിലുള്ള സമുദ്രമഹല്‍ എന്ന ആഡംബര വസതിയില്‍ പരിശോധന നടത്തിയത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന പുരാതന ആഭരണങ്ങളുടെയും പെയിന്റിങ്ങുകളുടെയും വന്‍ ശേഖരവും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പരിശോധനയില്‍ അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകള്‍ പിടിച്ചെടുത്തിരുന്നു. 523 കോടി രൂപ മൂല്യമുള്ള വസ്തുവകകളായിരുന്നു ഇവ.