ജോസ് സൈമണ്‍ മാവേലിപുരത്ത്

എഡിന്‍ബറോ മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്തംബര്‍ 10-ാം തീയതി ഞായറാഴ്ച വളരെ മനോഹരമായി നടത്തപ്പെട്ടു. രാവിലെ പത്ത് മണിക്ക് കായിക മത്സരങ്ങളോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായിക മത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് വ്യത്യസ്തത കൂട്ടി. തുടര്‍ന്ന് കൃത്യം 1 മണിക്ക് മഹാബലി തമ്പുരാന്‍ താലപ്പൊലി എന്നിവ ബാലികമാരുടെയും മുത്തുക്കുടയുമായി എത്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി എഴുന്നുള്ളി വന്നു. എഡിന്‍ബറോ മലയാളി സമാജം ചെണ്ട ടീം മാവേലി മന്നന്റെ വരവിന് താളത്തിന്റെ കൊഴുപ്പേകി.

ഇ.എം.എസ് സ്ഥാപിതമായി പത്ത് വര്‍ഷം പിന്നിട്ട ഈ അവസരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷം വിവിധ വര്‍ഷങ്ങളായി സംഘടനയെ നയിച്ച അഞ്ച് പ്രസിഡന്റുമാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം 2017 ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഏകദേശം 28 വിഭവങ്ങള്‍ ചേര്‍ന്നുകൊണ്ടുള്ള സ്വാദിഷ്ടമായ ഓണസദ്യ നടത്തപ്പെട്ടു. 2.30ന് കലാസന്ധ്യ അരങ്ങേറി. നാടന്‍ പാട്ടുകളും തിരുവാതിരയും നൃത്ത്യ കലാരൂപങ്ങളും കോമഡി സ്‌കിറ്റുമായി മൂന്ന് മണിക്കൂര്‍ ആസ്വാദകരെ ശരിക്കും ആഘോഷത്തിമിര്‍പ്പില്‍ ആനന്ദപുളകമണിയിച്ചു. പിന്നീട് അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.