ഭാര്യയെ തിരികെ കിട്ടണമെന്ന അഭ്യർഥനയുമായി ഭർത്താവ് ലൈവിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എഡ്‌വിൻ ഫിലിപ്പ് സാം എന്ന യുവാവാണ് സഹായാഭ്യർഥനയുമായി ഫെയ്സ്ബുക്ക് ലൈവിൽ എത്തിയത്. നാഗർകോവിൽ സ്വദേശിനിയായ ആരതി ചന്ദ്രനുമായി എഡ്‌വിൻ പ്രണയത്തിലായിരുന്നു.

നവംബർ 16ന് ഇരുവരും വിവാഹം റജിസ്റ്റർ ചെയ്ത ശേഷം എഡ്‌വിനൊപ്പം ഹരിപ്പാട് എത്തി. ഇത് അറിഞ്ഞെത്തിയ വീട്ടുകാർ പൊലീസിന്റെ സഹായത്തോടെ ആരതിയെ നാഗർകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി. മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കാം എന്ന ഉറപ്പിലാണ് ഹരിപ്പാട് പൊലീസ് ആരതിയെ വീട്ടുകാർക്കൊപ്പം നാഗർകോവിലിൽ എത്തിച്ചത്. എന്നാൽ അതിനുശേഷം ആരതിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് എഡ്‌വിൻ പറയുന്നത്.

ആരതിയുടെ പേരിൽ എഫ്ഐആർ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിൽ നിന്നും പിടിച്ചുകൊണ്ട് പോയത്. ഞാൻ ഇപ്പോൾ നാഗർകോവിലിലാണ്. പൊലീസ്‌സ്റ്റേഷന്റെ മുമ്പിലാണ്, അവിടെ അവൾ ഇല്ല. എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ല, ഇനി കൊന്നു കളഞ്ഞോ എന്നും അറിയില്ല. ദയവായി സഹായിക്കണം. ഇപ്പോൾ ഇവിടെ പൊലീസും ഇല്ല. നാട്ടിലെ പൊലീസ് മനപൂർവ്വം ചതിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് വനിതാപൊലീസ് പോലുമില്ലാതെയായിരുന്നു അവർ വന്നത്.

ഞങ്ങൾ വാശിപിടിച്ചപ്പോൾ സിഐ മനോജ് വിയപ്പുരത്തുള്ള രണ്ട് വനിതാ പൊലീസുകാരെ അവൾക്കൊപ്പം വിട്ടു. അവിടെ മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കി തിരികെ എത്തിക്കാമെന്നാണ് പറഞ്ഞത്. ആരതിയെ നാഗർകോവിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു, പക്ഷെ അവിടെ നിന്നും എവിടേക്ക് മാറ്റിയെന്ന് അറിയില്ല. ഇപ്പോൾ ഇങ്ങനെയൊരു കേസ് തന്നെയില്ല എന്നാണ് പറയുന്നത്.

തമിഴ്നാട്ടിൽ നിന്നുതന്നെ ആരതിയെ കിട്ടിയെന്നാണ് ഇവിടുത്തെ പൊലീസ് പറയുന്നത്. ഇവിടെ നിയമവും വ്യവസ്ഥിതിയും ഒന്നുമില്ലേ? –നിസ്സഹായതയോടെ എഡ്‌വിൻ ചോദിക്കുന്നു.

വിവാഹം രജിസ്റ്റർ ചെയ്ത അന്ന് ആരതിയും തന്റെ ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഫെയ്സ്ബുക്ക് ലൈവിൽ വന്നിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കേരളപൊലീസും വീട്ടുകാരുമാണെന്നായിരുന്നു ആരതിയുടെ വെളിപ്പെടുത്തൽ.