ഉപയോക്താക്കളില്‍ നിന്ന് അമിത നിരക്ക് വാങ്ങിയതിന് രണ്ട് ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് പിഴശിക്ഷ. ഇഇ, വിര്‍ജിന്‍ മീഡിയ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. രണ്ടു കമ്പനികളും കൂടി 13.3 മില്യന്‍ പൗണ്ട് പിഴയായി നല്‍കണം. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സേവനം വേണ്ടെന്നുവെച്ച 5 ലക്ഷം ഫോണ്‍, ബ്രോഡ്ബാന്‍ഡ് വരിക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഏര്‍ലി എക്‌സിറ്റ് ചാര്‍ജായാണ് ഈ പണം വാങ്ങിയതെന്ന് ഓഫ്‌കോം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെലികോം വാച്ച്‌ഡോഗ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഇഇക്ക് 6.3 മില്യന്‍ പൗണ്ടും വിര്‍ജിന്‍ മീഡിയയ്ക്ക് 7 മില്യന്‍ പൗണ്ടുമാണ് പിഴ. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷയെന്നും ഓഫ്‌കോം വ്യക്തമാക്കി. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സേവനം ഉപേക്ഷിക്കുന്നവരില്‍ നിന്ന് ഫോണ്‍, ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ക്ക് പണമീടാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അത് എത്രയാണെന്ന് ഉപയോക്താവിന് വ്യക്തമായി അറിയിക്കണമെന്നും മറ്റൊരു സര്‍വീസിലേക്ക് മാറുന്നത് ചെലവേറിയതായി മാറുന്ന വിധത്തില്‍ വലിയ തുക ഈടാക്കരുതെ ് ഓഫ്‌കോം നിയമം പറയുന്നു. 4 ലക്ഷം ഉപയോക്താക്കളില്‍ നിന്ന് ഇഇ അമിതമായി പണമീടാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

4.3 മില്യന്‍ പൗണ്ടാണ് ഈ വിധത്തില്‍ കമ്പനി ഈടാക്കിയത്. വിര്‍ജിന്‍ മീഡിയ 82,000 ഉപയോക്താക്കളില്‍ നിന്നായി ഈടാക്കിയത് 2.8 മില്യന്‍ പൗണ്ടാണ്. സേവനം നേരത്തേ അവസാനിപ്പിച്ചാല്‍ നല്‍കേണ്ടി വരുന്ന തുക എത്രയാണെന്ന് കമ്പനികള്‍ നേരത്തേ ഉപയോക്താക്കള്‍ക്ക് വിവരം നല്‍കിയിരുന്നുമില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓഫ്‌കോമിന്റെ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ ഗോച്ചോ റാസ്മുസ്സെന്‍ പറഞ്ഞു. ഈ ശിക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നും വാച്ച്‌ഡോഗ് അറിയിച്ചു.