ഈമയൗവിന്റെ അവകാശങ്ങള്‍ ഏറ്റെടുത്തെന്ന് ആഷിഖ് അബു; ചിത്രം മെയ് 4ന് തീയേറ്ററുകളിലേക്ക്

by News Desk 5 | April 16, 2018 11:52 am

ലിജോ ജോസ് പെല്ലിശേരി സംവിധാനം നിര്‍വഹിച്ച ഈമയൗ എന്ന ചിത്രം മെയ് 4ന് തീയേറ്റരുകളിലെത്തുന്നു. ചിത്രത്തിന്റെ അവകാശങ്ങള്‍ ഏറ്റെടുത്തതായി ആഷിഖ് അബു അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലിജോ ജോസ് പെല്ലിശേരിക്ക് നേടിക്കൊടുത്ത ചിത്രം രണ്ട് തവണ റിലീസ് മാറ്റിവെച്ചതിനു ശേഷമാണ് എത്തുന്നത്.

18 ദിവസംകൊണ്ടാണ് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ ജോലികള്‍ കഴിയാത്തതാണ് കാരണമായി പറഞ്ഞത്.

ചിത്രത്തിന്റെ പ്രിവ്യൂവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് ചില ചലച്ചിത്രമേളകളില്‍ ചിത്രത്തിന് ക്ഷണം ലഭിക്കുകയും ചെയ്തു. ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഈശോ മറിയം യൗസോപ്പ് എന്നതിന്റെ ചുരുക്ക രൂപമാണ് ഈമയൗ.

Source URL: http://malayalamuk.com/ee-ma-you-will-release-on-may-4/