മൂന്നു പതിറ്റാണ്ട് ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക് അന്തരിച്ചു. 91 വയസായിരുന്നു. ഈജിപ്ഷ്യന്‍ ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 2011ലെ അറബ് വസന്തത്തിന്റെ ഭാഗമായി നടന്ന വിപ്ലവത്തിനൊടുവിലാണ് ഹുസ്‌നി മുബാറക്കിന് അധികാരം നഷ്ടമായത്.
1928 മെയ് നാലിന് നൈല്‍ ഡെല്‍റ്റയിലെ കാഫര്‍ എല്‍ മെസെല്‍ഹയിലാണ് മുബാറകിന്റെ ജനനം. ഈജിപിതിലെ നാലാമത് പ്രസിഡന്റായിരുന്ന അദ്ദേഹം 1981 ലായിരുന്നു അധികാരത്തിലേറിയത്.

പിന്നീട് 30 വര്‍ഷം അതേ സ്ഥാനത്ത് തുടര്‍ന്നു. 2011 ലെ അറബ് വസന്തം മുബാറക്കിനെ സ്ഥാനഭൃഷ്ടനാക്കി. 2017 ല്‍ മോചിതനാവും വരെ ജയില്‍ ജീവിതം നയിച്ചു. അധികാരത്തിലിരുന്ന കാലത്ത് അമേരിക്കയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. 1949 എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. ഇസ്രായേലുമായുള്ള യോം കിപ്പുര്‍ യുദ്ധത്തിലെ പ്രകടനം മുബാറക്കിനെ ദേശീയനേതാവാക്കി. 1972 ല്‍ കമാന്റര്‍ ഇന്‍ ചീഫായി നിയമിതനായി. 1981 ഒക്ടോബര്‍ 14 ന് വൈസ് പ്രസിഡന്റ്. തുടര്‍ന്ന് പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തിനു ശേഷം അധികാരത്തിലെത്തി.

2011 ജനുവരി 25 നാണ് ഈജിപ്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നത്. സമീപകാലത്ത് ടുണീഷ്യയിലെ ഏകാധിപത്യത്തിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ് ഈജിപ്തിലെ ജനങ്ങള്‍ക്ക് വിപ്ലവവീര്യം പകര്‍ന്നത്. തലസ്ഥാനമായ കയ്‌റോയിലും മറ്റു നഗരങ്ങളിലും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. കെയ്‌റോയിലെ വിമോചന ചത്വരമായിരുന്നു പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രം. ചത്വരത്തില്‍നിന്നു മാര്‍ച്ച് ചെയ്ത പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു. നില്‍ക്കക്കള്ളിയില്ലാതായ മുബാറക് അപ്പോഴേക്കും തെക്കന്‍ നഗരമായ ശറം അല്‍ ശൈഖിലേക്കു കുടുംബസമേതം പലായനം ചെയ്തിരുന്നു. അതു കഴിഞ്ഞ് അല്‍പ്പ സമയത്തിനകമാണു മുബാറക് സ്ഥാനമൊഴിയുന്നതായി വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ പ്രഖ്യാപിച്ചത്. ഒടുവില്‍ 2011 ഫെബ്രുവരി 11 ന് പ്രക്ഷോഭത്തിന് അന്ത്യമായി.
അഴിമതിക്കും കൊലപാതകത്തിനും സ്വജനപക്ഷപാതത്തിനും കുപ്രസിദ്ധനായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.