കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഇന്ന്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഇരുപത്തിയൊൻപതു നോമ്പ് പൂർത്തിയാക്കിയാണ് പ്രവാസി മലയാളികളടക്കമുള്ളവർ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മക്കയിലും മദീനയിലും ലക്ഷക്കണക്കിനു വിശ്വാസികളാണ് പെരുന്നാളിൻറെ പുണ്യം തേടുന്നത്.

ഇരുപത്തിയൊന്പതു നാൾ നീണ്ട റംസാൻ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അടക്കമുള്ള വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഗൾഫിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ നടന്ന നിസ്കാര പ്രാർഥനകളിൽ ആയിരങ്ങൾ ഭാഗമായി. ഷാർജ അൽഷാബിലെ വില്ലേജ് സ്റ്റേഡിയം മൈതാനിയിൽ നടന്ന ഈദ് ഗാഹിന് മതപണ്ഡിതൻ ഹുസൈൻ സലഫി നേതൃത്വം നൽകി.

ദുബായ് അൽഖൂസ്‌ അൽമനാർ സെൻററിൽ മലയാളം ഈദ് ഗാഹിന് അൽമനാർ സെന്റർ ഡയറക്ടർ മൗലവി അബ്ദുൽ സലാം മോങ്ങം നേതൃത്വം നൽകി. ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ വിശ്വാസികൾക്കു ഈദ് ആശംസ നേർന്നു. മക്കയിലേയും മദീനയിലേയും ഇരു ഹറമുകളിലും പ്രത്യേകപ്രാർഥനകളോടെയാണ് തീർഥാടർ പെരുന്നാളിൻറെ ഭാഗമാകുന്നത്. അതേസമയം, ഈദ് നമസ്‌കാര സ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, പൊതു പാർക്കുകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലീസ് പെട്രോളിംഗ് ശ്കതിപ്പെടുത്തിയിട്ടുണ്ട്. ഇന്നു ശവ്വാൽ പിറ കണ്ടാൽ ഒമാനിൽ നാളെയായിരിക്കും ചെറിയ പെരുന്നാൾ.