സ്വന്തം ലേഖകൻ

വുഹാൻ : കൊറോണ വൈറസ് ലോകത്താകമാനം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇരുന്നൂറിൽ ഏറെ രാജ്യങ്ങൾ കൊറോണയുടെ പിടിയിൽ പെട്ടിരിക്കുന്നു. അതേസമയം ഷാങ്ഹായ് ജിയാവോ ടോംഗ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് പുറത്തുവന്ന
പഠനങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത ആളിൽ നിന്നാണ് 80% കൊറോണ വൈറസ് രോഗികൾക്കും രോഗം പിടിപെട്ടതെന്ന് ഗവേഷകർ കണ്ടെത്തി. രോഗം പൊട്ടിപുറപ്പെട്ട വുഹാനിലും സമീപ പ്രദേശങ്ങളിലും മാത്രം നടത്തിയ പഠനത്തിൽ നിന്നാണ് അവർ ഈയൊരു നിഗമനത്തിൽ എത്തിചേർന്നത്.

രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിന് മുമ്പ് തന്നെ, ഏകദേശം നാല് ദിവസത്തോളം വൈറസ് മനുഷ്യശരീരത്തിൽ ഉണ്ടാവും. ഈ കാലയളവിൽ ആണ് വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിച്ചത്. വ്യാപനത്തെ മന്ദീഭവിപ്പിക്കാൻ ഒറ്റപ്പെടൽ കൊണ്ട് മാത്രം കഴിയില്ലെന്നും കർശനമായ പരിശോധനയും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗും നടത്തേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ കടുത്ത നടപടികൾ സ്വീകരിച്ച് 76 ദിവസത്തിന് ശേഷം ആണ് വുഹാനിലെ ആളുകൾക്ക് പുറത്തുപോകാൻ സാധിച്ചത്.

രോഗലക്ഷണങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി കാണപ്പെടുന്ന ഒരാളിൽ നിന്ന് 79.7% ആളുകളിലേക്ക് വൈറസ് പടർന്നതായി ഗവേഷണ സംഘം കണ്ടെത്തി.രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ അവർക്ക് പകർച്ചവ്യാധി പിടിപെട്ടിട്ടുണ്ടാകാമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. സാമൂഹിക അകലം പാലിക്കുന്നത് പ്രധാനപെട്ട കാര്യമാണെന്നും കൊറോണ വൈറസ് വ്യാപനത്തെ ഒരു പരിധി വരെ തടയാൻ അതിലൂടെ കഴിയുമെന്നും അവർ പറഞ്ഞു. എന്നാൽ ഈ വിവരങ്ങൾ പരിമിതമാണ്. കൊറോണ വൈറസിനെ പറ്റിയും അതിന്റെ അതിവേഗ വ്യാപനത്തെ പറ്റിയും ധാരാളം പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.