ലണ്ടന്‍ : എല്‍ദോ വര്‍ഗീസിന്  ടണ്‍ബ്രിഡ്ജ് മലയാളി സമൂഹം നാളെ വിട നല്‍കും. അപ്രതീക്ഷിതമായി എത്തിയ പനിയെയും ശാരീരികാസ്വാസ്ഥ്യങ്ങളെയും തുടര്‍ന്ന് മരണം വിളിച്ച ടണ്‍ബ്രിഡ്ജ് മലയാളി എല്‍ദോ വര്‍ഗീസിന് നാളെ യുകെയിലെ മലയാളി സമൂഹം വിട നല്കും. എല്‍ദോയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വിട്ട് കിട്ടിയതോടെയാണ് പൊതുദര്‍ശനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ശനിയാഴ്ച്ച സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം. യാക്കോബായ സഭയിലെ അച്ചന്‍മാരുടെ കാര്‍മികത്വത്തിലായിരിക്കും ശ്രുശ്രൂഷകള്‍ നടക്കുക. മലയാളി സമൂഹത്തിനിടയിലെ സജീവ സാന്നിധ്യമായിരുന്നു എല്‍ദോയ്ക്ക് വിട നല്കാന്‍ മെയ്ഡ്സ്റ്റോണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും നിരവധി മലയാളികൾ എത്തിച്ചേരും.

യുകെ മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്ക്കുന്നതിന്റെ ആഘോഷങ്ങള്‍ക്കിടയായിരുന്നു എല്‍ദോയുടെ മരണവാര്‍ത്ത എത്തിയത്. രണ്ടു ദിവസമായി അനുഭവപ്പെട്ട പനിയെ തുടര്‍ന്ന് ഡോക്ടറെ കണ്ടു മരുന്നുകളും വാങ്ങി വീട്ടില്‍ തിരിച്ചെത്തിയ ഉടനെ കുഴഞ്ഞു വീണാണ് എല്‍ദോ മരിച്ചത്. ഭാര്യ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും എമര്‍ജന്‍സി ടീം എത്തുന്നതിന് മുമ്പ് തന്നെ എല്‍ദോയുടെ മരണം സംഭവിക്കുകയായിരുന്നു.

എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ എല്‍ദോ കെന്റിലെ പെംബറി മെയ്ഡ്സ്റ്റോണ്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച് എസ് ട്രസ്റ്റില്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ ജെസി എല്‍ദോ ഇതേ ഹോസ്പിറ്റലില്‍ തന്നെ സ്റ്റാഫ് നഴ്സ് ആയും ജോലി ചെയ്യുകയാണ്. അക്സ എല്‍ദോ, ബേസില്‍ എല്‍ദോ എന്നിവര്‍ മക്കളാണ്.