നവംബര്‍ ആറാം തീയതി രാവിലെ ഈസ്റ്റ്‌ബോണിന് അടുത്തുള്ള ഹെയില്‍ഷാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ എല്‍ദോസ് പോളിന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ മലയാളികളുടെയും,കാര്‍മ്മികരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ശുശ്രൂഷകളുടെയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിന്റെയും അന്ത്യാഞ്ജലികളുടെയും സാന്നിദ്ധ്യത്തില്‍ ഹെയില്‍ശാമിലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ വച്ച് വിട നല്‍കി.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഹെയില്‍ഷാമില്‍ താമസിച്ചു വരുന്ന എല്‍ദോസ് നെഞ്ചുവേദനയെ തുടര്‍ന്ന് ദിവസങ്ങളായി ഈസ്റ്റ്‌ബോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.ആഗ്രഹിച്ച ജോലി നേടിയതിന്റെ സന്തോഷത്തില്‍ അധികകാലം ചിലവഴിക്കാനാകാതെയാണ് 38 വയസ്സ് മാത്രം പ്രായമുള്ള ഈ ഹതഭാഗ്യനെ ദൈവം തന്റെ തിരുസന്നിധിയിലേക്ക് വിളിച്ചു ചേര്‍ത്തത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്ന എല്‍ദോസിനെ പെട്ടെന്നുണ്ടായ വയറു വേദനയോടെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഹൃദയസ്തംഭനം നിമിത്തം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് പ്രിയപ്പെട്ടവരെ തനിച്ചാക്കി അന്ത്യ യാത്ര ആരംഭിക്കേണ്ടി വന്നു.

ഇന്നലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ വച്ച് നടന്ന പൊതുദര്‍ശന വേളയിലും, അകാലത്തില്‍ പൊലിഞ്ഞ കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്ന ആ സാന്നിദ്ധ്യത്തെ കാണുവാനും ഭാര്യയുടെയും കുഞ്ഞുമക്കളുടെയും വേദനയിലും, നൊമ്പരത്തിലും പങ്കു ചേരുവാനും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും സുഹൃത്തുക്കളുമാണ് എത്തിചേര്‍ന്നത്. ഉച്ചക്ക് 12 മണിയോടെ പൊതുദര്‍ശനത്തിന് വച്ച എല്‍ദോസിനായി മാത്യുസ് മാര്‍ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തില്‍, ഫാദര്‍ രാജു ചെറുവള്ളില്‍, ഫാദര്‍ ബിജി ചേര്‍ത്തലാട്ട്, ഫാദര്‍ ഗീവര്‍ഗീസ് തണ്ടായത്, ഫാദര്‍ എബിന്‍, ഫാദര്‍ എല്‍ദോസ് കവുങ്ങുംപള്ളില്‍, ഫാദര്‍ ഫിലിപ്പ് എന്നീ കാര്‍മ്മികര്‍ ശുശ്രൂഷകള്‍ നടത്തി. മൂന്നു മണിയോടെ അവസാനിച്ച പൊതുദര്‍ശന വേളയില്‍ ആദ്യാവസാനം മലയാളികളും മറ്റുള്ളവരും പ്രാര്‍ത്ഥനാനിര്ഭരമായ ശുശ്രൂഷകളില്‍ പങ്കു കൊള്ളുകയും എല്‍ദോസിന് അന്ത്യ പ്രണാമം അര്‍പ്പിക്കുകയും ചെയ്തു.