ഭോപ്പാല്‍: മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസയച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതി കൂടിയായ പ്രഗ്യാ സിംഗ് ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെയായിരുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച കര്‍ക്കരെയെ അപമാനിച്ചത്.

24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം പരിശോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ വി എല്‍ കാന്ത റാവു നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. മലേഗാവ് സ്‌ഫോടനകേസില്‍ അറസ്റ്റിലായ സമയത്ത് തന്നോട് കാര്‍ക്കരെ മോശമായിട്ടാണ് പെരുമാറിയത്. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞത്.

താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. മലേഗാവ് സ്‌ഫോടന കേസില്‍ പ്രഗ്യയുടെ പങ്ക് കണ്ടെത്തിയ ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കര്‍ക്കരെ. പ്രഗ്യ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഹിന്ദുത്വ തീവ്രവാദികളാണെന്ന് കാര്‍ക്കരെ കോടതിയെ അറിയിച്ചിരുന്നു.