വിദേശ ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് നൈജല്‍ ഫരാഷ് നേതാവായ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങി ഇലക്ടറല്‍ കമ്മീഷന്‍. പാര്‍ട്ടി ആസ്ഥാനത്ത് കമ്മീഷന്‍ പരിശോധന നടത്തും. ഇന്നു നടത്തുന്ന പരിശോധനയില്‍ പാര്‍ട്ടിയുടെ വിവാദമായ ഫണ്ട് റെയ്‌സിംഗ് രീതികളായിരിക്കും പ്രധാനമായും അന്വേഷണ വിധേയമാക്കുക. പാര്‍ട്ടിയുടെ പേയ്പാല്‍ അക്കൗണ്ടിലേക്ക് ജനങ്ങള്‍ വിദേശ കറന്‍സിയിലാണോ നിക്ഷേപിക്കുന്നത് എന്ന കാര്യം അറിയില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയതോടെയാണ് വിവാദം ആരംഭിച്ചത്. അനധികൃതമായി ലഭിക്കുന്ന പണം സ്വീകരിക്കുന്നതിലൂടെ ബ്രെക്‌സിറ്റ് പാര്‍ട്ടി ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുകയാണെന്ന വിമര്‍ശനം ഉയര്‍ത്തി ഗോര്‍ഡന്‍ ബ്രൗണാണ് ആദ്യം രംഗത്തെത്തിയത്.

ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ ഇന്ന് പരിശോധന നടത്തുമെന്ന് ഇലക്ടറല്‍ കമ്മീഷന്‍ വക്താവാണ് അറിയിച്ചത്. 500 പൗണ്ടിനു മേലുള്ള സംഭാവനകളെ സംബന്ധിച്ചും അവ ഏതു വിധത്തിലാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളതെന്നും പരിശോധിക്കുമെന്ന് വക്താവ് പറഞ്ഞു. നിയമലംഘനം നടന്നതായി വ്യക്തമായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. ശരിയായ വിധത്തില്‍ അംഗങ്ങളുടെ പിന്‍ബലമില്ലാത്ത ബ്രെക്‌സിറ്റ് പാര്‍ട്ടി ദാതാക്കളുടെ വ്യക്തിവിവരങ്ങള്‍ ആവശ്യമില്ലാത്ത പേയ്പാല്‍ അക്കൗണ്ടിലൂടെയാണ് സംഭാവനകള്‍ സ്വീകരിച്ചത്. ഇത് പുറത്തു വന്നതോടെ വിവാദവും ആരംഭിക്കുകയായിരുന്നു. 2016ല്‍ ഹിതപരിശോധനാ സമയത്ത് ഫരാഷിന്റെ ക്യാംപെയിന്‍ ഗ്രൂപ്പായിരുന്ന ലീവ്.ഇയുവിനെക്കുറിച്ചും അതിന്റെ സ്ഥാപകനായ ആരോണ്‍ ബാങ്ക്‌സിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ലേബറിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ ഗോര്‍ഡന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്ന് ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാവായ റിച്ചാര്‍ഡ് ടൈസ് പറഞ്ഞു. അസൂയയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയ സാധ്യതയുമാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഭാവനകള്‍ സ്വീകരിക്കുന്നത് ഇലക്ടറല്‍ കമ്മീഷന്‍ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.