ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. കൃത്യത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമാണെന്ന് ഉറപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചു. വീട്ടിലെ പൂജാമുറിയില്‍ നിന്നു ലഭിച്ച ബുക്കില്‍ നിന്നാണ് കുടുംബത്തിലെ അംഗങ്ങളില്‍ ആരൊക്കെയോ ദുര്‍മന്ത്രവാദത്തിന് അടിപ്പെട്ടിരുന്നെന്ന് മനസ്സിലാക്കിയത്. 2017 മുതല്‍ ഈ ബുക്കില്‍ ചില കാര്യങ്ങള്‍ എഴുതിയിരുന്നു. ഇതില്‍ പറഞ്ഞിരിക്കുന്നത് പോലെ തന്നെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

11 പേരും ഒരുമിച്ച് തൂങ്ങിയാല്‍ കുടുംബത്തിന് ഐശ്വര്യം വരുമെന്നാണ് വിശ്വസിച്ചത്. കുടുംബത്തിലെ അംഗങ്ങളില്‍ ആരോ മൂന്നു പേര്‍ ഇതില്‍ തീവ്രമായി വിശ്വസിച്ചിരുന്നെന്നും കൃത്യത്തിന് മുന്‍പ് ധൈര്യം ലഭിക്കാന്‍ പ്രത്യേക ലഹരി ഭക്ഷണത്തില്‍ കലര്‍ത്തി ഉപയോഗിച്ചിരുന്നെന്നും വ്യക്തമായിട്ടുണ്ട്. ബുക്കില്‍ എഴുതിയിരിക്കുന്നതനുസരിച്ച് മൃതദേഹങ്ങളുടെ വായ് മൂടുകയും കൈകെട്ടുകയും ചെയ്തിരുന്നു. നാലു മൃതദേഹങ്ങളുടെ തല താഴെയ്ക്കും ബാക്കിയുള്ളവ മുകളിലേയ്ക്കും നില്‍ക്കണമെന്ന് പ്രത്യേകം എഴുതിയിരുന്നു. എല്ലാവരും ഒരേ സമയം സ്റ്റൂളില്‍ കയറി നിന്ന ശേഷം കുടുംബാംഗമായ ലളിത ഭാട്ടിയയുടെ നിര്‍ദേശ പ്രകാരം ചാടണമെന്നുമുണ്ടായിരുന്നു. ഇത് നടക്കില്ലെന്നുള്ളതുകൊണ്ടാകാം തല്‍പരരായ അംഗങ്ങള്‍ ബാക്കിയുള്ളവരുടെ കഴുത്ത് ഞെരിച്ചതെന്നും പോലീസ് സംശയിക്കുന്നു.

ഭാട്ടിയ കുടുംബം തീവ്ര വിശ്വാസികളായിരുന്നെന്ന് മുന്‍ വേലക്കാരി മൊഴി നല്‍കി. വീട്ടില്‍ എപ്പോഴും മതപരമായ ചടങ്ങുകള്‍ നടത്തിയിരുന്നെന്നും ഇതില്‍ എന്തെങ്കിലും ചെറിയ പിഴവു വന്നാല്‍ പോലും അംഗങ്ങള്‍ മാനസിക നില തെറ്റിയവരെപ്പോലെ പെരുമാറിയിരുന്നെന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആള്‍ക്കാരെ വലയിലാക്കുന്ന സംഘങ്ങള്‍ സജീവമായുണ്ടെന്നും പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. ഒരു മന്ത്രവാദത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ മരിച്ചു കഴിഞ്ഞാല്‍ ജീവന്‍ തിരിച്ചു കിട്ടി സന്തോഷകരമായി വീണ്ടും ജീവിക്കാനാവുമെന്ന് ഇവര്‍ വിശ്വസിച്ചതായും കരുതുന്നു.

പ്രദേശത്ത് ഏറ്റവും സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമാണ് ഭാട്ടിയ കുടുംബം. തലേന്നു രാത്രിയും ഏറെ സന്തോഷത്തോടെ ഇവരെ സമീപവാസികള്‍ കണ്ടിരുന്നു. കുടുംബത്തില്‍ അടുത്തു തന്നെ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ മഹാദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77) യുടെ മൃതദേഹമാണ് കഴുത്തു ഞെരിച്ച നിലയില്‍ തറയില്‍ കിടന്നത്. ഇവരുടെ മകള്‍ പ്രതിഭ(57) ആണ്‍മക്കളായ ഭവ്‌നേഷ്(50) ലളിത് ഭാട്ടിയ(45) ഭവ്‌നേഷിന്റെ ഭാര്യ സവിത (48) ഇവരുടെ മക്കളായ മീനു(23) നിധി(25) ധ്രുവ്(15) ലളിതിന്റെ ഭാര്യ ടിന(42) മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് കൊല്ലപ്പെട്ടത്.

മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതില്‍ കണ്ടതോടെയാണു സംശയം ദുര്‍മന്ത്രവാദത്തിലേക്കു മാറിയതെന്നു പൊലീസ് പറഞ്ഞു.

പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമാണു നടന്നത്. നവംബറില്‍ വിവാഹം നടക്കാനിരിക്കുകയായിരുന്നു. കുടുംബം അതിന്റെ തിരക്കുകളിലായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഭാട്ടിയ കുടുംബം 22 വര്‍ഷം മുന്‍പാണു ബുരാരിയിലെ സന്ത് നഗറില്‍ എത്തിയത്. എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാര്‍ക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയല്‍വാസികള്‍ക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയല്‍ക്കാരിലൊരാള്‍ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ അറിയിച്ചു.