ചൊവ്വയെ കുറിച്ച് നിരവധി പഠനങ്ങളാണ് നിലവില്‍ നടക്കുന്നത്, മാത്രമല്ല നാസയുള്‍പ്പടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ ചൊവ്വയിലേക്ക് യാത്രപോകാനിരിക്കുകയുമാണ്. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ്. ഇലോണ്‍ മസ്‌കിന്റെ ചൊവ്വാ യാത്രയുടെ ആദ്യ ദൗത്യം 2019 മാര്‍ച്ച്, ഏപ്രിലില്‍ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ രൂപഘടനയും വാഹനങ്ങളുടെ ചിത്രങ്ങളും ഗ്രാഫിക്‌സുകളും മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്‌പെയ്‌സ് എക്‌സിന്റെ ഏറ്റവും ബിഗ് റോക്കറ്റ് ഫാല്‍ക്കണ്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണമാണ് വരും മാസങ്ങളില്‍ നടക്കാന്‍ പോകുന്നത്. ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് മസ്‌കിന്റെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ചൊവ്വാ ദൗത്യ പേടകങ്ങളുടെ ആദ്യ ചിത്രങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്വീറ്റ് ചെയ്തത്.

ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രയാണ്. മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഭൂമിയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ചൊവ്വയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നിമിഷവും മരണം മുന്നിലുണ്ട്. എന്നാല്‍ മരിക്കാനുള്ള സാധ്യത ഏറെയാണെങ്കിലും ചൊവ്വാ ദൗത്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു. ‘ഞാന്‍ ചൊവ്വയില്‍ പോകുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. എവറസ്റ്റ് കീഴടക്കാന്‍ പോയിട്ടുള്ള നിരവധി പേര്‍ മരിച്ചിട്ടുണ്ട്. എന്നിട്ടും അവിടേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. വെല്ലുവിളികള്‍ നേരിട്ടാണ് അവരെല്ലാം എവറസ്റ്റിലെത്തുന്നത്. ഇതു പോലെ തന്നെയാണ് ചൊവ്വയിലേക്കുള്ള യാത്രയും. ചൊവ്വയില്‍ കാലുകുത്തുക എന്നത് എന്റെ ആഗ്രഹമാണ്’ – മസ്‌ക് പറഞ്ഞു.

‘ചൊവ്വാ യാത്ര വളരെ അപകടകരമാണ്. ഈ ദൗത്യം ബുദ്ധിമുട്ടേറിയതും അപകടകരവും ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യത ഏറെയുള്ളതുമാണ്’ ഇലോണ്‍ മസക് സമ്മതിക്കുന്നു. ഒരിക്കല്‍ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുക. അത്തരത്തില്‍ എത്തിപ്പെടുന്നവരായിരിക്കും ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ആദ്യ കോളനി ആരംഭിക്കുക. മറ്റാരും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക. തിരിച്ചുവരവ് പ്രതീക്ഷയില്ലാത്ത, തികച്ചു ആത്മഹത്യാപരമായ യാത്രയാണിതെന്ന് പറയാം.

Image result for elon-musk-about-spacex-mars-space-colony

ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് ഇപ്പോള്‍ തന്നെ ചരക്കു ഗതാഗതം തുടങ്ങുക എന്നതാണ് ഇലോണ്‍ മസ്‌കിന്റെ ആദ്യ സ്വപ്നം. ‘ആദ്യത്തെ ചൊവ്വാ ഗ്രഹാന്തര പേടകമാണ് ഞങ്ങള്‍ നിര്‍മിക്കുന്നത്. പേടകം തയാറാകുന്ന മുറയ്ക്ക് ചൊവ്വയോളം ദൂരമില്ലെങ്കിലും ചെറിയ പരീക്ഷണ യാത്രകള്‍ നടത്തും. അടുത്തവര്‍ഷം ആദ്യ പകുതിയോടെ തന്നെ ചൊവ്വാ പേടകം തയാറാകുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ രൂപഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്പേസ് എക്സിന്റെ ചൊവ്വാ ദൗത്യത്തിനായി ഉപയോഗിക്കുന്ന റോക്കറ്റാണ് ബിഗ് ഫാല്‍ക്കണ്‍ എക്സ്. ഏത് രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തുകയെന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസവും വിശദീകരിച്ചില്ല. അതേസമയം ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ രണ്ടാംഘട്ടം വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്നും മസ്‌ക് വ്യക്തമാക്കി.

Related image

ജാപ്പനീസ് കോടീശ്വരനും കലാസൃഷ്ടികള്‍ ശേഖരിക്കുന്നയാളുമായ യുസാകു മെസാവയായിരിക്കും ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിലെ ആദ്യ സഞ്ചാരിയെന്ന് സെപ്റ്റംബറില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. എട്ട് ചിത്രകാരന്മാര്‍ക്കൊപ്പമായിരിക്കും യുസാകു മെസാവ ബഹിരാകാശത്തെത്തുക. dearMoon എന്നാണ് ഒരാഴ്ച നീളുന്ന ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

മസ്‌കിന്റെ ചൊവ്വാ ദൗത്യമെന്ന സ്വപ്നത്തിലെ പ്രധാന ഘടകമാണ് ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്. ഇതുപയോഗിച്ച് 2022ല്‍ മനുഷ്യനില്ലാത്ത ദൗത്യവും 2024ല്‍ മനുഷ്യര്‍ അടങ്ങുന്ന ചൊവ്വാദൗത്യവും നടത്താനാണ് മസ്‌കിന്റെ പദ്ധതി. മുന്‍ നിശ്ചയിച്ച പദ്ധതി പ്രകാരം 230 അടി ഉയരമുള്ള ബിഎഫ്ആറില്‍ (ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്) മുകളിലായി 180 അടി നീളത്തിലായിരിക്കും ബഹിരാകാശ പേടകം ഘടിപ്പിക്കുക. 150 ടണ്‍ ചരക്കും നൂറ് യാത്രികരെ വരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതായിരിക്കും ഈ പേടകം. മസ്‌കിന്റെ ട്വീറ്റോടെ ഈ പദ്ധതിയില്‍ എന്തെല്ലാം മാറ്റം വരുമെന്ന് വ്യക്തമല്ല. 2024 ല്‍ 100 പേരെ കൊണ്ടുപോകാനായി സ്റ്റാര്‍ഷിപ്പാണ് സ്‌പെയ്‌സ് എക്‌സ് നിര്‍മിക്കുന്നത്.

ഭൂമിക്ക് ലഭ്യമാകുന്നത്ര ഇല്ലെങ്കിലും മനുഷ്യവാസത്തിനാവശ്യമായ സൂര്യപ്രകാശം ചൊവ്വയിലുണ്ട്. തണുപ്പ് പക്ഷേ കൂടുതലാണ്, ഇതിന് അന്തരീക്ഷം ചൂടാക്കിയെടുക്കാവുന്നതേയുള്ളൂ. നമുക്ക് ഉപയോഗപ്പെടുത്താവുന്ന തരം അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. തുടക്കത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും നൈട്രജനുമെല്ലാമായിരിക്കും ഏറെയെങ്കിലും അതിനെ ‘കംപ്രസ്’ ചെയ്‌തെടുത്താല്‍ ചെടികള്‍ വരെ വളര്‍ത്തിയെടുക്കാം. യാത്രയ്ക്കാവശ്യമായ ചെലവിനെപ്പറ്റിയും ഇലോണ്‍ പറയുന്നുണ്ട്.

Related image

ഒരാള്‍ക്ക് ചൊവ്വാ യാത്രയ്ക്ക് ഏകദേശം 10 ബില്യണ്‍ ഡോളര്‍. ഇത് അസാധ്യമാണെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കുന്നു. കൂടുതല്‍ ആള്‍ക്കാര്‍ വരുന്നതിനനുസരിച്ച് ചെലവു കുറയ്ക്കാമെന്നാണു വാഗ്ദാനം. മാത്രവുമല്ല നിര്‍മാണാവശ്യങ്ങള്‍ക്കായി ചൊവ്വയിലേക്ക് സാധനസാമഗ്രികള്‍ എത്തിക്കുന്നതിന്റെ ചെലവും താങ്ങാന്‍ സാധിക്കാത്തതാണ്. ഇതിനെല്ലാം ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. 115 ദിവസമാണ് ചൊവ്വയിലേക്ക് എത്തിച്ചേരുന്നതിനായി വേണ്ടി വരിക. സ്വയംപര്യാപ്തമായ ഒരു നഗരം ചൊവ്വയില്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ 10 ലക്ഷം പേരെങ്കിലും താമസിക്കാനുണ്ടാകണം. അത്തരമൊരു നഗരം സ്ഥാപിക്കാനാകട്ടെ 40 മുതല്‍ 100 വര്‍ഷം വരെയെടുക്കും. ഇതിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയും ഇലോണിനുണ്ട്.