പ്രിയപ്പെട്ടവരുടെ തോളിലേറി എൽസൺ ഓർമകളുടെ കാണാക്കയങ്ങളിലേക്ക് അന്ത്യയാത്ര ചെയ്യുകയായിരുന്നു. മകന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ അച്ഛൻ മാർക്കോസിനും അമ്മ മേരിക്കും സങ്കടമടക്കാനായില്ല. കൂട്ടുകാർ അലമുറയിട്ട് കരഞ്ഞു. കൈകളിൽ ഒരുപിടി കണ്ണീർപ്പൂക്കളുമായി നാടൊന്നാകെ അവനു അന്ത്യചുംബനങ്ങൾ നൽകിയപ്പോൾ ആകാശത്തു മേഘങ്ങൾക്കൊപ്പമിരുന്ന് എൽസണും കണ്ണീർ പൊഴിച്ചിട്ടുണ്ടാകണം.

ഒട്ടേറെ കണ്ണുകളെ ഈറനണിയിച്ചു ഒടുവിൽ തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം. കഴിഞ്ഞദിവസം രാത്രിയോടെ ദൊട്ടപ്പൻകുളത്തെ ടർഫ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെ എൽസൺ കുഴഞ്ഞുവീഴുകയായിരുന്നു. എൽസണും കൂട്ടുകാരും ചേർന്നു രൂപീകരിച്ച മാണ്ടാട് ഡൈനാമോസ് ക്ലബ് അംഗങ്ങളുമായി പരിശീലനം നടത്തുന്നതിനിടെയാണു മരണം കവർന്നത്. മികച്ച സ്ട്രൈക്കറായിരുന്നു എൽസൺ. മൃതദേഹത്തിനൊപ്പം എൽസന്റെ ഇഷ്ടടീമായ ലിവർപൂളിന്റെ ജഴ്സിയും കൂട്ടുകാർ മടക്കിവച്ചിരുന്നു.

കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എൽസൺ കുറച്ചുനേരം കളിയിൽ നിന്നു മാറിനിന്നിരുന്നു. പിന്നീട് വിശ്രമത്തിനു ശേഷം വീണ്ടും കളിക്കാനിറങ്ങി. കളി അവസാനിച്ച ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. കൂട്ടുകാർ ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനായി മൊബൈൽ ഐസിയു ആംബുലൻസിനായി കൂട്ടുകാർ ഏറെ അലഞ്ഞെങ്കിലും ലഭ്യമായില്ല. ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങൾ: ബിജു, ഷാന്റി, പരേതനായ ജോബി.