ചാനല്‍ 4 എംബാരാസിംഗ് ബോഡീസ് എന്ന പരിപാടിയിലെ വിദഗ്ദ്ധനും മലയാളി യൂറോളജിസ്റ്റുമായ ഡോ.മനു നായരെ ട്രൈബ്യൂണലിന്റെ മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. രോഗികളില്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മനു നായരെ ജിഎംസി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. എന്‍എച്ച്എസില്‍ തുടരാനും മനു നായര്‍ക്ക് അനുമതി ലഭിച്ചു. 130 രോഗികള്‍ ഇയാള്‍ക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ നാല് ആശുപത്രികളില്‍ ഡോ.മനു നായര്‍ നടത്തിയ ശസ്ത്രക്രിയകളിലൂടെ രോഗികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നാണ് ആരോപണം.

രോഗമില്ലാത്തവര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള ചികിത്സ നടത്തിയെന്നും പരീക്ഷണ ഘട്ടത്തിലുള്ള ചികിത്സകള്‍ രോഗികളില്‍ നടത്തിയെന്നുമൊക്കെയാണ് പരാതികള്‍ ഉയര്‍ന്നത്. സോലിഹള്ളിലെ സ്പയര്‍ പാര്‍ക്ക് വേ, സ്പയര്‍ ലിറ്റില്‍ ആസ്റ്റണ്‍, ബിഎംഐ പ്രയറി, എഡ്ജ്ബാസ്റ്റണ്‍ തുടങ്ങിയ സ്വകാര്യാശുപത്രികളിലും ഹാര്‍ട്ട്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ആശുപത്രിയിലും നടത്തിയ ശസ്ത്രക്രിയകളാണ് വിവാദത്തിലായത്. ഇതേത്തുടര്‍ന്ന് ഡോ. മനു ജിഎംസിയുടെ നിരീക്ഷണത്തിലായിരുന്നു.

 

ലോ ഫേമായ ഇര്‍വിന്‍ മിച്ചലും തോംപ്‌സണ്‍സ് സോളിസിറ്റേഴ്‌സുമാണ് രോഗികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡോ.മനു നായര്‍ക്ക് എന്‍എച്ച്എസില്‍ തുടരാമെന്ന് ജിഎംസി വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഇദ്ദേഹം ജോലി ചെയ്യുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ ജിഎംസി തയ്യാറായില്ല. സിറ്റി ഹോസ്പിറ്റല്‍സ് സന്‍ഡര്‍ലാന്‍ഡ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജിഎംസി സൂചന നല്‍കി.