ബിർമിങ്ഹാം: നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഈ   ലോകകപ്പിലെ ഏറ്റവും അനായാസ ജയങ്ങളിലൊന്നുമായി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍. ഈ വരുന്ന ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചു ഫൈനലിൽ എത്തിയ കീവിസുമായി ഏറ്റുമുട്ടും. ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് മുന്നേറ്റം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിക്കാന്‍ പാടുപെട്ട അതേ പിച്ചില്‍ ഇംഗ്ലിഷ് ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയി – ജോണി ബെയര്‍‌സ്റ്റോ സഖ്യം തകര്‍ത്തടിച്ചതോടെ അവര്‍ അനായാസം വിജയത്തിലെത്തി.

പതിനേഴ് ഓവറും അഞ്ച് പന്തും എട്ടു വിക്കറ്റും ശേഷിക്കെയാണ്  ഇംഗ്ലണ്ടിന്റെ വിജയം. 65 പന്തില്‍ ഒന്‍പതു ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 85 റണ്‍സെടുത്ത റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെയര്‍റ്റോ 43 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 34 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ഇരുവരും 124 റണ്‍സടിച്ചാണ് പിരിഞ്ഞത്. ഇവര്‍ പുറത്തായശേഷമെത്തിയ ജോ റൂട്ട്, ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

റൂട്ട് 46 പന്തില്‍ എട്ടു ബൗണ്ടറി സഹിതം 49 റണ്‍സോടെയും മോര്‍ഗന്‍ 39 പന്തില്‍ എട്ടു ബൗണ്ടറി സഹിതം 45 റണ്‍സോടെയും പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും 79 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലണ്ട് – ന്യൂസീലന്‍ഡ് ഫൈനലിനു കളമൊരുങ്ങിയതോടെ, ഇക്കുറി ലോകകിരീടത്തിന് പുതിയ അവകാശികളെത്തുമെന്നും ഉറപ്പായി. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും.