ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന്റെ ജയം എട്ടുവിക്കറ്റിന്. 85 റണ്‍സെടുത്ത ജേസണ്‍ റോയ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. ഇത്തവണ ഫൈനലിൽ ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ നേരിടും. ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതുവരെ കപ്പ് നേടാത്ത രണ്ടു ടീമുകളാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി. ഓസീസ് ബാറ്റ്സ്മാൻമാർ നിലയുറപ്പിക്കാൻ പാടുപെട്ട അതേ പിച്ചിൽ ഇംഗ്ലിഷ് ഓപ്പണർമാരായ ജെയ്സൺ റോയി – ജോണി ബെയർസ്റ്റോ സഖ്യം തകർത്തടിച്ചതോടെ അവർ അനായാസം വിജയത്തിലെത്തി. 107 പന്തും എട്ടു വിക്കറ്റും ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയം.

65 പന്തിൽ ഒൻപതു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 85 റൺസെടുത്ത റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബെയർറ്റോ 43 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 34 റൺസെടുത്തു. തുടർച്ചയായ മൂന്നാം മൽസരത്തിലും ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ഇരുവരും 124 റൺസടിച്ചാണ് പിരിഞ്ഞത്.

ഇവർ പുറത്തായശേഷമെത്തിയ ജോ റൂട്ട്, ക്യാപ്റ്റൻ ഒയിൻ മോർഗൻ എന്നിവർ ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. റൂട്ട് 46 പന്തിൽ എട്ടു ബൗണ്ടറി സഹിതം 49 റൺസോടെയും മോർഗൻ 39 പന്തിൽ എട്ടു ബൗണ്ടറി സഹിതം 45 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 79 റൺസാണ് കൂട്ടിച്ചേർത്തത്.

നേരത്തെ 14 റണ്‍െസടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത് – അലക്സ് കാരി നാലാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ആരണ്‍ ഫിഞ്ച് റണ്ണൊന്നുമെടുക്കാതെയും ഡേവിഡ് വാര്‍ണര്‍ ഒന്‍പത് റണ്‍സെടുത്തും പുറത്തായി. 46 റണ്‍സെടുത്ത അലക്സ് കാരിയെ ആദില്‍ റഷീദ് പുറത്താക്കി.

സ്റ്റീവ് സ്മിത്ത് 119 പന്തില്‍ 85 റണ്‍സ് എടുത്ത് റണ്ണൗട്ടായി. 119 പന്തിൽ ആറു ബൗണ്ടറി സഹിതം 85 റൺസെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. അലക്സ് കാരി 70 പന്തിൽ നാലു ബൗണ്ടറി സഹിതം 46 റൺസെടുത്തു. ഗ്ലെൻ മാക്സ്‍വെൽ (23 പന്തിൽ 22), മിച്ചൽ സ്റ്റാർക്ക് (36 പന്തിൽ 29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എട്ടാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കിനൊപ്പം സ്മിത്ത് കൂട്ടിച്ചേർത്ത 51 റൺസ് കൂട്ടുകെട്ടാണ് ഓസീസ് സ്കോർ 200 കടത്തിയത്.

ഓസീസ് നിരയിൽ ആറു പേർ രണ്ടക്കം കാണാതെ പുറത്തായി. ഓപ്പണർ ആരോൺ ഫിഞ്ച് (0), ഡേവിഡ് വാർണർ (11 പന്തിൽ 9), ഈ ലോകകപ്പിലെ ആദ്യ മൽസരം കളിക്കുന്ന പീറ്റർ ഹാൻഡ്സ്കോംബ് (12 പന്തിൽ നാല്), മാർക്കസ് സ്റ്റോയ്നിസ് (0), പാറ്റ് കമ്മിൻസ് (10 പന്തിൽ ആറ്), ജെയ്സൺ ബെഹ്റെൻഡോർഫ് (ഒന്ന്) എന്നിവരാണ് രണ്ടക്കം കാണാതെ മടങ്ങിയത്. നേഥൻ ലയോൺ അഞ്ചു റൺസുമായി പുറത്താകാതെ നിന്നു.

ഞായറാഴ്ച ലോഡ്സിൽ നടക്കുന്ന ഫൈനലിൽ, ഇന്ത്യയെ തോൽപ്പിച്ചെത്തുന്ന ന്യൂസീലൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇംഗ്ലണ്ട് – ന്യൂസീലൻഡ് ഫൈനലിനു കളമൊരുങ്ങിയതോടെ, ഇക്കുറി ലോകകിരീടത്തിന് പുതിയ അവകാശികളെത്തുമെന്നും ഉറപ്പായി. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലൻഡും. ഇംഗ്ലണ്ടിനിത് നാലാം ലോകകപ്പ് ഫൈനലാണ്. ന്യൂസീലൻഡിന് തുടർച്ചയായ രണ്ടാം ഫൈനലും.

1979, 1987,1992 വർഷങ്ങളിൽ ഫൈനൽ കളിച്ച ഇംഗ്ലണ്ടിന് ഒരിക്കലും ജയിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആദ്യമായി ഫൈനൽ കളിച്ച ന്യൂസീലൻഡ് ആകട്ടെ, ഓസ്ട്രേലിയയോടു തോൽക്കുകയും ചെയ്തു. അതേസമയം, ലോകകപ്പിൽ എട്ടാം സെമി ഫൈനൽ കളിച്ച ഓസീസിന്റെ ആദ്യ തോൽവിയാണിത്.