ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി2 ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. രോഹിത് ശർമയുടെ സെഞ്ചുറി മികവിലാണ് ടീം ഇന്ത്യയുടെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ എട്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. മൂന്ന് മൽസരങ്ങളുടെ പരമ്പര ഇന്ത്യ (2-1)ന് സ്വന്തമാക്കി.

ഒാപ്പണർ ശിഖർ ധവാനെ(5) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിൽ രോഹിതിനൊപ്പം ചേർന്ന നായകൻ കോഹ്‌ലിയും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. ഇരുവരും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. രോഹിത് പുറത്താവാതെ 56 പന്തിൽ 100 (11 ഫോറും, 5 സിക്സും) റൺസെടുത്തു. 29 പന്തിൽ 43 റൺെസടുത്ത കോഹ്‌ലിയെ ജോർദാൻ പുറത്താക്കി. 19 റൺസെടുത്ത കെ.എൽ. രാഹുലിന്റെ വിക്കറ്റ് ജേക്കബ് ബാളിനാണ്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ഓപ്പണർ ജേസൺ റോയിയുടെ (31 പന്തിൽ നാലു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടെ 67 റൺസ്) പ്രകടനമാണ് ആതിഥേയർക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ബോളർമാരെല്ലാം നാല് ഓവറിൽ മുപ്പതിലേറെ റൺസ് വഴങ്ങി. നാല് ഓവറിൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ഏറ്റവും വലിയ ‘തല്ലുകൊള്ളി’. അതേസമയം, ഒരു റണ്ണൗട്ട് ഉൾപ്പെടെ ഇംഗ്ലണ്ട് നിരയിലെ ആറു പേരുടെ പുറത്താകലിൽ പങ്കാളിയായ ധോണിയുടെ പ്രകടനം ശ്രദ്ധ നേടി.

ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, കളത്തിൽ നിയന്ത്രണം പിടിച്ച ഇംഗ്ലണ്ട് ഓപ്പണർമാർ വഴിപിരിഞ്ഞത് സ്കോർ ബോർഡിൽ 94 റൺസ് കൂട്ടിച്ചേർത്തശേഷം. വെറും 47 പന്തിലാണ് ഇംഗ്ലിഷ് ഓപ്പണർമാർ 94 റൺസെടുത്തത്.

അനായാസം സെഞ്ചുറി കൂട്ടുകെട്ടിലേക്ക് നീങ്ങിയ സഖ്യം പൊളിച്ച് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത് ഭുവനേശ്വർ കുമാറിനു പകരം ടീമിൽ ഇടം കണ്ടെത്തിയ സിദ്ധാർഥ് കൗൾ. 21 പന്തിൽ ഏഴു ബൗണ്ടറികളോടെ 34 റൺസെടുത്ത ജോസ് ബട്‍ലറിനെ കൗൾ ക്ലീൻബൗൾ‍ഡാക്കി. സ്കോർ 103ൽ എത്തിയപ്പോൾ ജേസൺ റോയിയും വീണു. 31 പന്തിൽ ഏഴു സിക്സും നാലു ബൗണ്ടറിയും സഹിതം 67 റൺസെടുത്ത റോയിയെ ചഹാർ മടക്കി.

മൂന്നാമനായി ക്രീസിലെത്തിയ അലക്സ് ഹെയ്‌ൽസ് 24 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 30 റൺസെടുത്തു. ഹെയിൽസ്‍ ഉൾപ്പെടെ നാലു പേരെ മടക്കിയ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഹെയിൽസിനെയും പിന്നാലെ ക്യാപ്റ്റൻ ഒയിൻ മോർഗനെയും (ഒൻപതു പന്തിൽ ആറ്) ധോണിയുെട കൈകളിലെത്തിച്ച പാണ്ഡ്യ, ബെൻ സ്റ്റോക്സ് (10 പന്തിൽ 14), ജോണി ബെയർസ്റ്റോ (14 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 25) എന്നിവരെയും പുറത്താക്കി.

അവസാന ഓവറുകളിൽ കൂറ്റനടിക്കു ശ്രമിച്ച് ഡേവിഡ് വില്ലി (രണ്ടു പന്തിൽ ഒന്ന്), ലിയാം പ്ലങ്കറ്റ് (നാലു പന്തിൽ ഒൻപത്) എന്നിവരും മടങ്ങിയതോടെ ഇംഗ്ലണ്ട് സ്കോർ 198ൽ ഒതുങ്ങി. ക്രിസ് ജോർദാൻ (മൂന്നു പന്തിൽ മൂന്നു റൺസ്) അവസാന പന്തിൽ റണ്ണൗട്ടായി. ആദിൽ റഷീദ് (മൂന്നു പന്തിൽ നാലു റൺസ്) പുറത്താകാതെ നിന്നു.