ആഷസ് രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച; ഒന്നാം ഇന്നിംഗ്സില്‍ 255 റണ്‍സിന് ഓള്‍ ഔട്ടായി, ഓസ്ട്രേലിയക്കും ആദ്യ വിക്കറ്റ് നഷ്ടം

ആഷസ് രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച; ഒന്നാം ഇന്നിംഗ്സില്‍ 255 റണ്‍സിന് ഓള്‍ ഔട്ടായി, ഓസ്ട്രേലിയക്കും ആദ്യ വിക്കറ്റ് നഷ്ടം
August 16 05:47 2019 Print This Article

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 255 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും നഥാന്‍ ലിയോണും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ഓപ്പണര്‍ റോറി ബേണ്‍സും ജോണി ബെയര്‍സ്റ്റോയും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്.

സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ജോഷ് ഹേസല്‍വുഡ് ഓപ്പണര്‍ ജേസണ്‍ റോയിയെ(0)മടക്കി. അധികം വൈകാതെ ക്യാപ്റ്റന്‍ ജോ റൂട്ടിനെ(14)വിക്കറ്റിന് മുന്നില്‍ കുടുക്കി ഹേസല്‍വുഡ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ജോ ഡെന്‍ലിയും റോറി ബേണ്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയ ഘട്ടത്തിലാണ് ഡെന്‍ലിയയെും(30) മടക്കി ഹേസല്‍വുഡ് വീണ്ടും ഇംഗ്ലണ്ടിന്റെ തലയരിഞ്ഞത്. റോറി ബേണ്‍സിനെ(53) പാറ്റ് കമിന്‍സും ജോസ് ബട്‌ലറെ(12) പീറ്റര്‍ സിഡിലും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി.

ബെന്‍ സ്റ്റോക്സിനും(13) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ക്രിസ് വോക്സിനെ(32) കൂട്ടുപിടിച്ച് ജോണി ബെയര്‍സ്റ്റോ(52) നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ 200 കടത്തി. വോക്സ് മടങ്ങിയശേഷം ജോഫ്ര ആര്‍ച്ചര്‍(12), സ്റ്റുവര്‍ട്ട് ബ്രോഡ്(11) എന്നിവരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് സ്കോര്‍ 250 കടത്തിയ ബെയര്‍സ്റ്റോയെ(52) മടക്കി ലിയോണ്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിന് തിരശീലയിട്ടു. മഴമൂലം ടെസ്റ്റിന്റെ ആദ്യദിനം പൂര്‍ണമായും നഷ്ടമായിരുന്നു.

ഓസീസിന്‍റെ തുടക്കവും മികച്ചതായിരുന്നില്ല. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമായിരിക്കെ, ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായി. 17 പന്തില്‍ മൂന്ന് റണ്‍സെടുത്ത വാര്‍ണറെ സ്റ്റുവര്‍ഡ് ബ്രോഡ് ക്ലീന്‍ ബോള്‍ഡാക്കി. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഒരു വിക്കറ്റില്‍ നഷ്ടത്തില്‍ 30 റണ്‍സെടുത്തു. അഞ്ച് റണ്‍സോടെ കാമെറോണ്‍ ബാന്‍ക്രോഫ്റ്റും 18 റണ്‍സോടെ ഉസ്മാന്‍ ഖ്വാജയുമാണ് ക്രീസില്‍.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles