പാക്കിസ്ഥാനെതിരെ അവസാന ഏകദിനത്തിലും ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ 54 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സന്ദര്‍ശകര്‍ 46.5 ഓവറില്‍ 297ന് എല്ലാവരും പുറത്തായി. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

സര്‍ഫറാസ് അഹമ്മദ് (97), ബാബര്‍ അസം (80) എന്നിവര്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഫഖര്‍ സമാന്‍ (0), അബിദ് അലി (5), മുഹമ്മദ് ഹഫീസ് (0), ഷൊയ്ബ് മാലിക് (4), അസിഫ് അലി (22), ഇമാദ് വസീം (25), ഹാസന്‍ അലി (11), മുഹമ്മദ് ഹസ്‌നൈന്‍ (28) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. ഷഹീന്‍ അഫ്രീദി (19) പുറത്താവാതെ നിന്നു. ആദില്‍ റഷീദ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ജോ റൂട്ട് (84), ഓയിന്‍ മോര്‍ഗന്‍ (76) എന്നിവരാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

പാക്കിസ്ഥാനായി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. ജയിംസ് വിന്‍സെ (33), ജോണി ബെയര്‍സ്‌റ്റോ (32), ജോസ് ബട്‌ലര്‍ (34), ബെന്‍ സ്റ്റോക്‌സ് (21), മൊയീന്‍ അലി (0), ക്രിസ് വോക്‌സ് (13), ഡേവിഡ് വില്ലി (14) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ടോം കുറന്‍ (29), ആദില്‍ റാഷിദ് (2) എന്നിവര്‍ പുറത്താകാതെ നിന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ഇംഗ്ലണ്ട് 340 റണ്‍സിലധികം നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. അഫ്രീദിക്ക് പുറമെ ഇമാദ് വസീം പാക്കിസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.